പിഎസ്‌സി അംഗത്വത്തിന് കോഴ.വാക്പോരും വോക്കൗട്ടും.
തിരുവനന്തപുരം : പിഎസ്‌സി അംഗത്വത്തിന് കോഴ വാങ്ങിയെന്ന ആരോപണത്തിൽ നിയമസഭയിൽ പ്രതിപക്ഷ നേതാവിന്റെയും മുഖ്യമന്ത്രിയുടെയും വാക്പോരും പ്രതിപക്ഷത്തിന്റെ വോക്കൗട്ടും. വിവാദം പിഎസ്‌സിയുടെ വിശ്വാസ്യത ഇല്ലാതാക്കിയെന്ന് സബ്മിഷൻ അവതരിപ്പിച്ച പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ആരോപിച്ചപ്പോൾ മാധ്യമവാർത്തകളല്ലാതെ ക്രമക്കേടുണ്ടായിട്ടില്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. പിഎസ്‌സി അംഗത്വം സർക്കാർ ലേലത്തിനു വച്ചിരിക്കുകയാണെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു
അതേസമയം, വിഷയം സഭയിൽ ഉന്നയിക്കാൻ തീരുമാനിച്ചതിനു തൊട്ടുമുൻപ് കോൺഗ്രസ് പൊലീസിനു പരാതി അയച്ചെന്നും ഇതു പ്രതിപക്ഷ നേതാവിന്റെ പരിപാടിയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. പരാതി പണം നൽകി ഒത്തുതീർപ്പാക്കിയതിനുശേഷം ഇന്നലെ പറഞ്ഞ കാര്യങ്ങൾപോലും മുഖ്യമന്ത്രി ഇന്നു മാറ്റിപ്പറഞ്ഞെന്ന് വി.ഡി.സതീശൻ ആരോപിച്ചതോടെ അതെല്ലാം കോൺഗ്രസിന്റെ പരിപാടിയാണ് ഞങ്ങൾ അങ്ങനെ ചെയ്യില്ലെന്നു മുഖ്യമന്ത്രിയും തിരിച്ചടിച്ചു.