നാടക, സിനിമ പാരമ്പര്യത്തിന്റെ കരുത്തുമായി തിളങ്ങി പുളിയനം പൗലോസ്
എ. സെബാസ്റ്റ്യന്‍
അങ്കമാലി : നാടകത്തിന്റെ പ്രഭാവ കാലത്ത് അങ്കമാലി നാടകത്തിന്റെ ഈറ്റില്ലമായിരുന്ന ആ അങ്കമാലിയില്‍ പൗര്‍ണ്ണമി എന്നൊരു നാടക സമിതിയുണ്ടായിരുന്നു. അതിന്റെ അമരക്കാരനായ പുളിയനം പൗലോസായിരുന്നു. 3500 വേദികളില്‍ നാടകം കളിച്ച് തഴക്കവും പഴക്കവും വന്ന നാടക നടന്‍. നാടക നടന്‍ എന്ന വിശേഷണത്തിനുമപ്പുറം 26 സിനിമകളില്‍ വലുതും ചെറുതമായ വേഷമിട്ട ന്യൂജെന്‍ സിനിമക്കാരുടെ സ്വന്തം പുളിയനം പൗലോസ്. ചിരിയുടെ അമരക്കാരനായ സത്യന്‍ അന്തിക്കാട് മുതല്‍ ന്യൂജെന്‍ സിനിമക്കാരുടെ പ്രിയ നടനായി മാറി. . എല്ലാക്കാലത്തും എളിമ തന്നെയായിരുന്നു പൗലോസിന്റെ മുഖമുദ്ര. 30 ഷോര്‍ട്ട് ഫിലിമുകളില്‍ വേഷമിട്ട് ഇളമുറക്കാരുടെ പ്രിയ നടനായി കൂടെ കൂട്ടുവാന്‍ കഴിയുന്നത് അദ്ദേഹത്തിന്റെ നടന വൈഭവം തന്നെയാണ്. അഞ്ച് സീരിയലുകളിലും ശ്രദ്ധയമായ വേഷം ചെയ്തിട്ടുണ്ട്. അഞ്ച് പരസ്യ ചിത്രങ്ങള്‍ ഇതിനോടൊപ്പം അഭിനയിച്ചു . 20 വര്‍ഷക്കാലം അങ്കമാലി പൗര്‍ണമി എന്ന നാടക സമിതിയുടെ നെടുംതുണ്ണായി വര്‍ത്തിച്ചു. മുപ്പത്തഞ്ചു ചെറിയ നാടകങ്ങള്‍ എഴുതി സംവിധാനം ചെയ്ത് പ്രേക്ഷക പ്രശംസ പിടിച്ചു പറ്റി. അനവധി കലാകാരന്മാര്‍ക്ക് നാടകത്തിലേക്ക് വഴി തുറന്ന് കൊടുക്കുവാനും കഴിഞ്ഞതിലൂടെ അവരുടെ കരുതല്‍ എന്നും പുളിയനത്തിന് സ്വന്തമാണ്.
1964-ലാണ് അങ്കമാലിയില്‍ വച്ച് ആദ്യമായി ഞാന്‍ ഒരു പ്രൊഫഷണല്‍ നാടകം കാണുന്നത്. നാടക ആചാര്യന്‍ പി.ജെ.ആന്റണി എഴുതിയ പ്രഗല്ഭനായ ചാച്ചപ്പന്‍ സംവിധാനം ചെയ്ത ചങ്ങനാശ്ശേരി ഗീഥ തിയേറ്റേഴ്‌സിന്റെ ‘രശ്മി’. അതില്‍ അനീതിക്കെതിരെ പടപൊരുതുന്ന പള്ളീലച്ചന്‍ തിലകന്‍ എന്ന അനുഗ്രഹീത നടനിലൂടെ പരകായ പ്രവേശം നടത്തുന്നത് കണ്ട് നടന്‍ ആകണമെന്ന ഉറച്ച് തീരുമാനമെടുത്തു.
1973 ല്‍ അങ്കമാലിയില്‍ നിന്ന് ആരംഭിച്ച ‘യങ് വേവ്‌സ്’ എന്ന ക്ലബ്ബാണ് അവതരിപ്പിച്ച നാടകത്തിലൂടെയാണ് ഹരിശ്രീ കുറിച്ചത്. അയ്യമ്പുഴ പ്ലാന്റേഷനിലെ ഓല മേഞ്ഞ പള്ളിയിലെ രണ്ടാം വര്‍ഷത്തെ തിരുനാളിനോടനുബന്ധിച്ച് മാത്യു ഇടമറ്റം എഴുതിയ രാജധാനി നാടകത്തിലെ അറുപത്തിയഞ്ചു വയസ്സുള്ള ഫാദര്‍ തോമസ് എന്ന കഥാപാത്രമായി പെട്രോമാക്‌സിന്റെ വെളിച്ചത്തില്‍ ആണ് രംഗത്ത് വരുന്നത്. അന്ന് മഞ്ഞപ്ര വരെയാണ് കറണ്ട് ഉള്ളത്. നാടകം വലിയ ജനാവലിയുടെ ഹര്‍ഷാരവത്തോടെയാണ് തീര്‍ന്നത്. അതില്‍ നായികയായി അഭിനയിച്ചത് തൃശ്ശൂര്‍ക്കാരന്‍ ഉണ്ണികൃഷ്ണന്‍ ആണ്. നാടകം കഴിഞ്ഞ് വിവിധ പള്ളികളില്‍ നിന്ന് വന്ന വൈദികരും കന്യാസ്ത്രീകളും ജനങ്ങളും ‘അച്ചോ.. ഈശോ മിശിഹായ്ക്ക് സ്തുതിയായിരിക്കട്ടെ’ എന്ന് പറഞ്ഞു ഗ്രീന്‍ റൂമില്‍ വന്നത് 47 വര്‍ഷം കഴിഞ്ഞിട്ടും ഇന്നും കണ്മുന്‍പില്‍ കാണുന്നതുപോലെ പൗലോസ് ഓർക്കുന്നു.യങ് വേവ്‌സ് തുടര്‍ന്നുള്ള 5 വര്‍ഷവും ഓരോ നാടകം നാലും അഞ്ചും വേദികളില്‍ അവതരിപ്പിച്ചു. കൂടാതെ വിവിധ സ്ഥലങ്ങളില്‍ നടന്ന ഏകാങ്കനാടക മത്സരങ്ങളിലുമായി നൂറോളം നാടകങ്ങളില്‍ അഭിനയിച്ചു. 1980-ല്‍ അങ്കമാലി പൗര്‍ണമി എന്ന പേരില്‍ സ്വന്തമായി ഒരു നാടകസമിതിക്ക് തുടക്കമിട്ടു. പൊന്‍കുന്നം വര്‍ക്കി, എ.എന്‍.ഗണേശ്, ശ്രീമൂലനഗരം മോഹന്‍, അഡ്വക്കേറ്റ് മണിലാല്‍, ബാബു പള്ളാശ്ശേരി, ജോണ്‍ ഫെര്‍ണാണ്ടസ് എം.എല്‍.എ, ഡോക്ടര്‍ ഇന്ദുകുമാര്‍, ഇ.വി.കലേശന്‍, ആദിനാട് ഗോപന്‍, വടക്കില്ലം ഗോപിനാഥ്, അനില്‍ ബാസ് തുടങ്ങിയവരുടെ നാടകങ്ങള്‍ 20 വര്‍ഷം അവതരിപ്പിച്ചു. സിനിമാതാരങ്ങളായ ഷീല, ലക്ഷ്മി, സുമിത്ര, സരസ്വതി എന്നിവരുടെ നായകനായി സിനിമയില്‍ പ്രസാദ് എന്ന പേരില്‍ അഭിനയിച്ച വര്‍ഗീസ് കാട്ടിപ്പറമ്പന്‍, എന്‍.എഫ്.വര്‍ഗീസ്, എം.കെ.വാര്യര്‍, ടി.എം.അബ്രഹാം, ജോര്‍ജ്ജ് കണക്കശ്ശേരി, ജി.എ.ജോസ്, ജോര്‍ജ് വട്ടോലി, കോയിവിള ഗോപാലകൃഷ്ണന്‍, അഷ്ടമുടി ഹിലാല്‍, ബേബിറോണ്‍ തെക്കാസ്, സുരേന്ദ്രനാഥ്, ജോസ് അമ്പൂക്കന്‍, കാഞ്ഞൂര്‍ മത്തായി, അലിയാര്‍, ചൊവ്വര ബഷീര്‍, മീന ഗണേശ്, ചോറ്റാനിക്കര രുഗ്മണി, പറവൂര്‍ കമലം, കല്യാണികുട്ടിയമ്മ, മേരി തോമസ്, എം.ഡി.ഗീത തുടങ്ങി പ്രശസ്തരായ നടീനടന്മാരോടൊപ്പം അഭിനയിക്കാനും, അവരെ സംവിധാനം ചെയ്യാനുമുള്ള ഭാഗ്യവും ഉണ്ടായി. കേരളത്തിനകത്തും പുറത്തുമായി 3500-ല്‍ പരം വേദികളില്‍ നാടകം അവതരിപ്പിച്ചു. 2015-ല്‍ കേരള സംഗീത നാടക അക്കാദമി ഗുരുപൂജ പുരസ്‌കാരം നല്‍കി ആദരിച്ചു. ആ വര്‍ഷം കേരള സര്‍ക്കാര്‍ സാംസ്‌കാരിക വകുപ്പിന്റെ നരേന്ദ്രപ്രസാദ് നാടക പഠന ഗവേഷണ കേന്ദ്രത്തിന്റെ അഭിനയ പുരസ്‌കാരവും ലഭിച്ചു. ‘കേണ്ടസ്’ കണ്ടശ്ശാംകടവ്, ‘ഫില്‍കോസ്’ കോട്ടയം ‘ജോത്സ്‌ന’ അങ്കമാലി തുടങ്ങിയ വിവിധ സംഘടനകള്‍ നടത്തിയ നാടക മത്സരങ്ങളില്‍ അവതരണം, സംവിധാനം, മികച്ച നടന്‍ തുടങ്ങിയവയ്ക്കുള്ള അവാര്‍ഡുകളും ലഭിച്ചിട്ടുണ്ട്.