വനം വകുപ്പിനെ കടന്നാക്രമിച്ചു പി .വി. അൻവർ എംഎൽഎ
മലപ്പുറം : പി.വി. അൻവർ എംഎൽഎയുടെ ആരോപങ്ങൾ തുടർക്കഥ.വനംമന്ത്രി എ.കെ. ശശീന്ദ്രനെ വേദിയിലിരുത്തി വനം വകുപ്പിനെതിരെ രൂക്ഷ വിമർശനവുമാണ് പി.വി. അൻവർ എംഎൽഎ ഉയർത്തിയത് . കെ.സുധാകരൻ വനം മന്ത്രിയായിട്ട് ഇതൊന്നും നേരെയായിട്ടില്ലെന്നും പിന്നല്ലേ പാവം ശശീന്ദ്രൻ വിചാരിച്ചിട്ട് എന്നായിരുന്നു അൻവറിന്റെ പരാമർശം.
‘‘വനത്തിനുളളിൽ അനാവശ്യമായി വനംവകുപ്പ് കെട്ടിടങ്ങൾ പണിയുകയാണ്. ഇതു ശരിയല്ല. പാർട്ടി ഇടപെടേണ്ട വിഷയമാണിത്. മനുഷ്യ – വന്യജീവി സംഘർഷം ശക്തമാകുമ്പോഴും ഒരു നടപടിയും ഉണ്ടാകുന്നില്ല. ഈ വിഷയം ലോക്സഭാ തിരഞ്ഞെടുപ്പിൽ വലിയ വോട്ടു ചോർച്ചയുണ്ടാക്കി. വനം വകുപ്പ് ഉദ്യോഗസ്ഥരുടെ മനസ് വന്യജീവികളേക്കാൾ ക്രൂരമാണ്. വനം വകുപ്പ് ഉദ്യോഗസ്ഥൻ മരിച്ചിട്ട് മൃതദേഹം ഓഫിസിൽ വയ്ക്കാൻ പോലും മേലുദ്യോഗസ്ഥർ സമ്മതിച്ചില്ല. ഇത് കമ്യൂണിസ്റ്റ് രീതിയല്ല’’– അൻവർ പറഞ്ഞു.സോഷ്യൽ ഓഡിറ്റിനു വിധേയമാകാത്ത, അന്യർക്ക് പ്രവേശനമില്ലെന്ന് എഴുതിവയ്ക്കുന്ന വകുപ്പാണ് വനം വകുപ്പ്. മാധ്യമപ്രവർത്തകരെയും ജനപ്രതിനിധികളെയും വനത്തിലേക്ക് കയറ്റില്ല. വനത്തിനകത്ത് വന്യജീവികൾക്ക് ഭക്ഷണം കിട്ടുന്നില്ലെന്നും അൻവർ പറഞ്ഞു.
വരച്ച വരയിൽ ഉദ്യോഗസ്ഥരെ നിർത്താനാവണം. വന്യജീവി ആക്രമണത്തെക്കുറിച്ച് പരാതി പറയാൻ ചെന്നപ്പോൾ നഷ്ടപരിഹാരം 10 ലക്ഷം കിട്ടുന്നില്ലേയെന്ന് ഒരു ഉദ്യോഗസ്ഥൻ ചോദിച്ചു. താൻ അപ്പോൾ അവിടെ ഉണ്ടായിരുന്നെങ്കിൽ അടി കൊടുത്തേനെ. വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് പണ്ടത്തെ പോലെ ഇപ്പോൾ പണിയില്ല. ഈ നിയമസഭാ പ്രസംഗത്തിൽ പറയാൻ ഉള്ളതാണ് പറഞ്ഞത്. ഈ നിയമസഭാ സമ്മേളനത്തിൽ പറയാൻ കഴിയുമോ എന്ന് ഉറപ്പില്ലാത്തതിനാൽ നേരത്തെ പറയുകയാണ്. ആവാസ വ്യവസ്ഥയും പ്രകൃതിയും മാത്രം മതി എന്നാണ് ഉദ്യോഗസ്ഥരുടെ വിചാരമെന്നും അൻവർ പറഞ്ഞു