രാഹുൽ ഗാന്ധി വയനാട്ടിൽ നിന്നും തന്നെ മത്സരിക്കണം :വി.ഡി സതീശൻ
തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധി വയനാട്ടിൽ നിന്നും തന്നെ മത്സരിക്കണമെന്ന് കേന്ദ്ര നേതൃത്വത്തോട് ആവശ്യപ്പെട്ടതായി കേരളത്തിലെ കോൺഗ്രസ് നേതൃത്വം. രാഹുൽ ഗാന്ധി മത്സരിക്കുന്ന മണ്ഡലം സംബന്ധിച്ച് ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പറഞ്ഞു. ഈ സാഹചര്യത്തിലാണ് സിറ്റിങ് സീറ്റായ വയനാട്ടിൽ നിന്നും തന്നെ രാഹുൽ മത്സരിക്കണമെന്ന് ആവശ്യം കേരള നേതൃത്വം മുന്നോട്ട് വെക്കുന്നത്.
രാഹുൽ ഗാന്ധിയുടെ മണ്ഡലം സംബന്ധിച്ച് അന്തിമ തീരുമാനമെടുത്തിട്ടില്ലെന്നും പാർട്ടി ദേശീയ നേതൃത്വവും കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റിയും ഇക്കാര്യത്തിൽ തീരുമാനമെടുക്കുമെന്നും വി ഡി സതീശൻ പറഞ്ഞു. രാഹുൽ വയനാട്ടിൽ മത്സരിക്കണമെന്ന് പാർട്ടി സംസ്ഥാന ഘടകം ദേശീയ നേതൃത്വത്തോട് ശക്തമായി ആവശ്യപ്പെടും. കെപിസിസിയും യുഡിഎഫും ഇക്കാര്യം കോൺഗ്രസ് നേതൃത്വത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും സതീശൻ വ്യക്തമാക്കി.
സിപിഐയുടെ ദേശീയ നേതാവ് ആനി രാജയാണ് വയനാട്ടിലെ എൽഡിഎഫ് സ്ഥാനാർത്ഥിയെന്നത് ചൂണ്ടിക്കാട്ടിയപ്പോൾ കോൺഗ്രസും ഇടതുപാർട്ടിയും ദേശീയ തലത്തിൽ ഇന്ത്യൻ സഖ്യത്തിൽ അംഗങ്ങളാണെങ്കിലും കേരളത്തിൽ അത്തരത്തിൽ സഖ്യമില്ലെന്നും കേരളത്തിലെ രാഷ്ട്രീയ സാഹചര്യം വ്യത്യസ്തമാണെന്നുമാണ് സതീശൻ മറുപടി നൽകിയത്.
കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിലും സിപിഐ ദേശീയതലത്തിൽ കോൺഗ്രസിനൊപ്പമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസും ഡിഎംകെയും സിപിഐയും സിപിഎമ്മും തമിഴ്‌നാട്ടിൽ മുൻ പൊതുതെരഞ്ഞെടുപ്പിൽ ഒരുമിച്ച് മത്സരിച്ചിട്ടുണ്ടെന്നും രണ്ട് മാർക്‌സിസ്റ്റ് പാർട്ടി എംപിമാർ അവിടെ രാഹുൽ ഗാന്ധിയുടെ പോസ്റ്ററുകൾ പതിച്ചാണ് വോട്ട് തേടിയതെന്നും വി.ഡി സതീശൻ പറഞ്ഞു.
തമിഴ്‌നാട്ടിൽ ഇത്തരമൊരു സംഭവം നടന്നിരുന്നു. എന്നാൽ കേരളത്തിൽ സിപിഐ എമ്മിന്റെ സ്ഥാനാർത്ഥികൾ അത് ചെയ്യുമോ? അതാണ് ഇവിടെ കാര്യങ്ങൾ വ്യത്യസ്തമാണെന്ന് പറയുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 2019 ലോക്‌സഭാ തെരഞ്ഞെടുപ്പിൽ വയനാട്ടിൽ നിന്ന് നാല് ലക്ഷത്തിലധികം വോട്ടിന്റെ വൻ ഭൂരിപക്ഷത്തിലാണ് രാഹുൽ ഗാന്ധി വിജയിച്ചത്. അതേ സമയം ഇത്തവണ രാഹുലിനെ നേരിടാൻ ഒരു ദേശീയ നേതാവ് തന്നെ വേണമെന്ന ചിന്തയിലാണ് സിപിഐ തങ്ങളുടെ ദേശീയ നേതാവ് ആനി രാജയെ തന്നെ വയനാട്ടിലേക്ക് എത്തിച്ചിരിക്കുന്നത്

