ബിജെപിയിലേക്കെന്ന അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് മുന്‍ എംഎല്‍എ എസ് രാജേന്ദ്രന്
മൂന്നാര്‍: ബിജെപിയിലേക്ക് പോകുമെന്ന അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് മുന്‍ എംഎല്‍എ എസ് രാജേന്ദ്രന് എല്‍ഡിഎഫ് വേദിയിലെത്തി. മുതിര്‍ന്ന നേതാക്കള്‍ നടത്തിയ അനുനയ നീക്കത്തെത്തുടര്‍ന്നാണ് എസ് രാജേന്ദ്രന് സിപിഎമ്മില്‍ തുടരാന്‍ തീരുമാനിച്ചത്. പാര്‍ട്ടി അംഗത്വം രാജേന്ദ്രന് പുതുക്കുമെന്നാണ് സൂചന.
സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റംഗം കെ കെ ജയചന്ദ്രന്, ഇടുക്കി ജില്ലാ സെക്രട്ടറി സി വി വര്‍ഗീസ്, എം എം മണി എംഎല്‍എ എന്നിവര്‍ കഴിഞ്ഞ ദിവസം രാജേന്ദ്രനുമായി രഹസ്യ കേന്ദ്രത്തില്‍ ചര്‍ച്ച നടത്തിയിരുന്നു. ഇതിനു ശേഷമാണ് പാര്‍ട്ടിയുമായി സഹകരിക്കാന്‍ തീരുമാനിച്ചത്.സിപിഎമ്മുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്നതിന്റെ ഭാഗമായി രാജേന്ദ്രന് മൂന്നാറില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജോയ്സ് ജോര്‍ജിന്റെ ദേവികുളം മണ്ഡലം കണ്‍വെന്‍ഷനില്‍ സംബന്ധിച്ചു. ഇടതു സ്ഥാനാര്‍ത്ഥിക്ക് വേണ്ടി പ്രചാരണരംഗത്തും രാജേന്ദ്രന് സജീവമാകുമെന്നാണ് വിവരം.