ശബരി ട്രെയിന്‍ പായുന്നത് പിന്നിലേക്കോ?
1997-1998 ല്‍ പ്രഖ്യാപിച്ച ശബരി പാതയുടെ ഇതുവരെയുള്ള പ്രവൃത്തിയെന്നത് അങ്കമാലി മുതല്‍ കാലടി വരെയുള്ള 8 കിലോമീറ്റര്‍ പാതയും കാലടി റെയില്‍വേ സ്റ്റേഷനും. 25 വര്‍ഷം കഴിഞ്ഞിട്ടും ശബരി ട്രെയിന്‍ എങ്ങുമെത്തിയില്ല.
എ. സെബാസ്റ്റ്യന്‍….
അങ്കമാലി : പദ്ധതികള്‍ പ്രഖ്യാപിക്കാന്‍ തിടുക്കം കൂട്ടുകയും ഫലപ്രാപ്തിയിലെത്തിക്കാന്‍ സാധിക്കാത്ത കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍. 25 വര്‍ഷമായി ഇപ്പോ വരുമെന്ന്് പറഞ്ഞ് ഏറെ കൊട്ടിഘോഷിച്ച് തുടക്കമിട്ടതാണ് അങ്കമാലി-എരുമേലി ശബരി റെയില്‍പാത. നാമമാത്ര പണി നടത്തിക്കൊണ്ട് ഇന്നും ശബരിപാത പൂര്‍ത്തിയാകുമോ എന്ന ആശങ്കക്ക് അറുതിയില്ല. കേരളം പകുതി വഹിതം അടയ്ക്കുന്നില്ല എന്ന മുട്ട് നയം ഇനി കേന്ദ്രത്തിന് പറയുവാന്‍ കഴിയില്ല. പ്രധാന മന്ത്രിയുടെ പ്രഗതി പ്ലാനില്‍ ഉള്‍പ്പെടുത്തിയ ശബരി റെയില്‍വേ പദ്ധതിയുടെ പ്രാധാന്യം മനസ്സിലാക്കി കേരള സര്‍ക്കാര്‍ തക്ക സമയത്ത് ഇടപെടുകയും ശബരി റെയില്‍വേ പദ്ധതിയുടെ അന്‍പത് ശതമാനം ചിലവ് വഹിക്കാനുള്ള സന്നദ്ധത റെയില്‍വേ മന്ത്രാലയത്തെ അറിയിക്കുകയും കേരള റെയില്‍ ഡെവലപ്പ്‌മെന്റ് കോര്‍പ്പറേഷന്‍ ലിമിറ്റഡ് എന്ന ഏജന്‍സിയോട് വിശദമായ എസ്റ്റിമേറ്റ് സമര്‍പ്പിക്കുവാന്‍ ആവശ്യപ്പെട്ടതനുസരിച്ച് 3454.09 കോടി രൂപയുടെ പുതുക്കിയ എസ്റ്റിമേറ്റ് റെയില്‍വേ ബോര്‍ഡിന്റെ അംഗീകാരത്തിനായി സമര്‍പ്പിച്ചിട്ടുള്ളതുമാണ്. ശബരി റെയില്‍ പാത യാഥാര്‍ത്ഥ്യമാക്കണമെന്ന് ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്നുണ്ടെങ്കില്‍ ശബരി റെയില്‍വേ പദ്ധതി മരവിപ്പിച്ച റെയില്‍വേ ബോര്‍ഡ് തീരുമാനം പിന്‍വലിച്ച് പദ്ധതിയുടെ സ്ഥലമേറ്റെടുപ്പ് നടപടികള്‍ പുനരാരംഭിക്കുവാനുള്ള നടപടിയാണ് ഉണ്ടാകേണ്ടത്. 1997-1998 ല്‍ പ്രഖ്യാപിച്ച ശബരി പാതയുടെ ഇതുവരെയുള്ള പ്രവൃത്തിയെന്നത് അങ്കമാലി മുതല്‍ കാലടി വരെയുള്ള 8 കിലോമീറ്റര്‍ പാതയും കാലടി റെയില്‍വേ സ്റ്റേഷനും പെരിയാറിന് കുറുകെയുള്ള പാലം എന്നിവയുടെ നിര്‍മ്മാണം പൂര്‍ത്തിയായിട്ട് വര്‍ഷങ്ങള്‍ പിന്നിടുന്നു എന്ന് മാത്രമല്ല. ഇവിടെ രാത്രികാലങ്ങളില്‍ സാമൂഹ്യ വിരുദ്ധരുടെ താവളമായി മാറിയിട്ടുണ്ട്. മൂന്ന് ജില്ലകളിലായി 14 സ്റ്റേഷനുകളുണ്ട്. ഇടുക്കിയിലേക്കുള്ള ആദ്യ റെയില്‍പ്പാതയുടെ അവസ്ഥയാണിത്. രണ്ടു പതിറ്റാണ്ടായി ഭൂമി വില്‍ക്കാനോ വായ്പയെടുക്കാനോ പ്രദേശവാസികള്‍ക്ക കഴിയുന്നില്ല. അങ്കമാലി ശബരി പാത യാഥാര്‍ത്ഥ്യമായാല്‍ ശബരിമല തീര്‍ത്ഥാടകര്‍ക്ക് മാത്രമല്ല മലയാറ്റൂര്‍, ഭരണങ്ങാനം എന്നിവടങ്ങിലേക്കുള്ള യാത്ര ആശ്വാസകരമാകും. കേരളത്തിന് പുതിയ റെയില്‍പാത തുറന്നു കിട്ടുന്നതിനാണ് വിഘാതമായി തീരുന്നത്. ഭാവിയില്‍ കൊല്ലം-ചെങ്കോട്ട പാതയുമായി ബന്ധിപ്പിക്കുവാനും കഴിയും. ഇടുക്കിയിലെ ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ക്ക് പുതിയ ഉണര്‍വ്വാകും. പെരുമ്പാവൂര്‍, കോതമംഗലം, മൂവാറ്റുപുഴ, തൊടുപുഴ, പാലാ, കാഞ്ഞിരപ്പിള്ളി, എരുമേലി എന്നി പ്രദേശങ്ങളിലെ വ്യാപാര കാര്‍ഷിക മേഖലകള്‍ക്കും പദ്ധതിക്കൊണ്ടാണ് ഏറെ പ്രയോജനം ലഭിക്കുക. പദ്ധതി യാഥാര്‍ത്ഥ്യമായാല്‍ ശബരിമല തീര്‍ത്ഥാടകര്‍ ഇപ്പോള്‍ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന യാത്ര സൗകര്യങ്ങള്‍ ഉപേക്ഷിക്കുകയും അതിനേക്കാളും കുറഞ്ഞ ചിലവിൽ ഇവിടെ എത്തിച്ചേരുവാന്‍ കഴിയുമെന്നത്, ഇത് യാഥാര്‍ത്ഥ്യമാകുന്നതില്‍ വിഘാതമായിത്തീരുന്നുണ്ടോയെന്നും പരിശോധിക്കേണ്ട വിഷയമാണ്.