ശോഭാ സുരേന്ദ്രൻ കേന്ദ്ര നേതൃത്വത്തിലേക്ക്
ആലപ്പുഴ : ബിജെപി മുതിർന്ന നേതാവ് ശോഭാ സുരേന്ദ്രനെ കേന്ദ്ര നേതൃത്വം ഡൽഹിക്ക് വിളിപ്പിച്ചു. ശോഭയ്ക്ക് പാർട്ടിയിൽ പുതിയഇനി ചുമതലകൾ ലഭിച്ചേക്കുമെന്നാണു സൂചന. കേന്ദ്ര മന്ത്രിസഭയുടെ സത്യപ്രതിജ്ഞ ഞായറാഴ്ച നടക്കാനിരിക്കെയാണ് ശോഭയെ ചർച്ചകൾക്കായി ഡൽഹിയിലേക്ക് വിളിപ്പിച്ചത്. .ലോക്സഭാ തിരഞ്ഞെടുപ്പിൽ എൻഡിഎക്ക് ആലപ്പുഴയിൽ ഇതുവരെ കിട്ടാത്ത വോട്ട് വിഹിതമാണ് ശോഭ നേടിയത്. രണ്ടു നിയമസഭാ മണ്ഡലങ്ങളിൽ രണ്ടാം സ്ഥാനത്തെത്തി. പല മേഖലയിലും ഒന്നാമതായി. 5 വർഷംകൊണ്ട് 1.2 ലക്ഷത്തോളം വോട്ടിന്റെ വർധനയാണ് ആലപ്പുഴയിൽ എൻഡിഎക്ക് ഉണ്ടായത്.
കഴിഞ്ഞ തവണ 1.87 ലക്ഷത്തിലേറെ വോട്ട് (17.24%) ഡോ. കെ.എസ്.രാധാകൃഷ്ണൻ നേടി. ശോഭ വോട്ടുവിഹിതം 2.99 ലക്ഷത്തിനു മുകളിൽ എത്തിച്ചു (28.3%). മത്സരിച്ചിടത്തെല്ലാം ശോഭ വോട്ട് കുത്തനെ ഉയർത്തിയിട്ടുണ്ട്. 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ആറ്റിങ്ങലിൽ മത്സരിച്ചപ്പോഴും ശോഭ മികച്ച പ്രകടനം കാഴ്ച്ചവച്ചിരുന്നതും കേന്ദ്രനേതൃത്വം പരിഗണിച്ചു.