ഇടവേളയ്ക്കു ശേഷം വീണ്ടും മഴയെത്തുന്നു
എറണാകുളം: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്ററിൽ താഴെ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥവകുപ്പ് അറിയിച്ചു.
പശ്ചിമ രാജസ്ഥാൻ, കച്ച് മേഖലയിൽ നിന്ന് കാലവർഷം പിൻവാങ്ങിയതായി കേന്ദ്ര കാലാവസ്ഥ വകുപ്പ്. സാധാരണയിൽ (സെപ്റ്റംബർ 17) നിന്ന് 6 ദിവസം വൈകിയാണ് ഇത്തവണ പിൻവാങ്ങൽ ആരംഭിച്ചത്. അടുത്ത 24 മണിക്കൂറിനുള്ളിൽ രാജസ്ഥാൻ, പഞ്ചാബ്, ഹരിയാന, ഗുജറാത്ത് മേഖലയിൽയിൽ നിന്നും കാലവർഷം പിൻവാങ്ങാൻ സാധ്യത. മധ്യ ബംഗാൾ ഉൾക്കടലിന് മുകളിലുള്ള ചക്രവാതച്ചുഴി അടുത്ത 24 മണിക്കൂറിനുള്ളിൽ മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിന് മുകളിൽ ന്യൂനമർദമായി ശക്തി പ്രാപിക്കാൻ സാധ്യത. കേരളത്തിൽ അടുത്ത 7 ദിവസം വ്യാപകമായി നേരിയ/ഇടത്തരം മഴക്ക് സാധ്യതയുണ്ട്. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ സെപ്റ്റംബർ 23 & 24 തീയതികളിൽ ശക്തമായ മഴക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.