സോണിയ ഇടപെട്ടു
കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ, ആന്റണിയെ സന്ദർശിച്ച് തന്നെ മാറ്റുന്നതിലെ അതൃപ്തി അറിയിച്ചിരുന്നു.
ന്യൂഡൽഹി ∙ കോൺഗ്രസ് പ്രേതിസന്ധി രൂക്ഷമായിരിക്കെ കെപിസിസി അധ്യക്ഷനെ മാത്രം മാറ്റുന്നതിനു പകരം സംസ്ഥാന കോൺഗ്രസിൽ സമ്പൂർണ അഴിച്ചുപണിക്ക് നിർദേശം നൽകി പാർട്ടി മുൻ അധ്യക്ഷ സോണിയ ഗാന്ധി. പ്രവർത്തക സമിതി അംഗം എ.കെ. ആന്റണി സോണിയ ഗാന്ധിയെ ഫോണിൽ വിളിച്ചു . കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ, ആന്റണിയെ സന്ദർശിച്ച് തന്നെ മാറ്റുന്നതിലെ അതൃപ്തി അറിയിച്ചിരുന്നു. തുടർന്നാണ് ആന്റണിയുടെ ഇടപെടൽ എന്നാണു സൂചന. ഇന്നലെ രാത്രിയാണ് സോണിയയും ആന്റണിയും തമ്മിൽ സംസാരിച്ചത്.
സമ്പൂർണ പുനഃസംഘടന വേണമെന്നാണ് ആന്റണിയുടെ നിലപാട്. ഡിസിസികളിൽ ഉൾപ്പെടെ അഴിച്ചുപണി വേണം. പ്രവർത്തനക്ഷമതയുള്ള കെപിസിസി ഭാരവാഹികളെ നിയമിക്കണമെന്നും സോണിയയെ ആന്റണി അറിയിച്ചു. ഖർഗെയുമായും രാഹുലുമായും സംസാരിക്കാമെന്നും തുടർനടപടികൾ സ്വീകരിക്കാമെന്നും സോണിയ മറുപടി പറഞ്ഞു. ഉചിതമായ തീരുമാനം എത്രയും വേഗം എടുക്കണമെന്ന് സോണിയയോട് ആന്റണി ആവശ്യപ്പെട്ടുവെന്ന് അദ്ദേഹവുമായി ബന്ധപ്പെട്ട വൃത്തങ്ങൾ പറഞ്ഞു. വിവാദങ്ങളിലേക്കു കാര്യങ്ങൾ വലിച്ചിഴയ്ക്കരുതെന്നും തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ ഇതു പാർട്ടിക്കു ദോഷം ചെയ്യുമെന്നും സോണിയ ഗാന്ധിയോട് ആന്റണി പറഞ്ഞു

