KeralaOthers

ഭരണങ്ങാനത്തേക്ക് തീർത്ഥാടക പ്രവാഹം.

ഭരണങ്ങാനം : സ്നേഹസുഗന്ധിയായ അൽഫോൻസാമ്മയുടെ തിരുനാളിന് തുടക്കമായി.ഭരണങ്ങാനത്ത് ഇന്നുമുതൽ അൽഫോൻസാമ്മയുടെ സ്നേഹബലിയുടെ ഓർമ്മത്തിരുനാൾ
അൽഫോൻസാ ഭക്തർക്ക് ഇനി തിരുനാളിന്റെ പുണ്യ ദിനങ്ങൾ. സഹസ്രാബ്ദങ്ങളുടെ വിശ്വാസ പാരമ്പര്യം പേറുന്ന ഭരണങ്ങാനത്തിന് പത്തു നാളുകൾ നീണ്ടുനില്ക്കുന്ന അൽഫോൻസാമ്മയുടെ തിരുനാളെന്നാൽ നാടിന്റെ പുണ്യാഘോഷമാണ്. ജപമാലകൾ ചൊല്ലിക്കൊണ്ട് ആയിരങ്ങൾ വിശുദ്ധ അൽഫോൻസാമ്മയുടെ തിരുക്കബറിടത്തിലേക്ക് ഒഴുകിയെത്തും. എല്ലാവരുടെയും ചുണ്ടുകളിൽ ഒരു പ്രാർത്ഥനമാത്രം: അൽഫോൻസാമ്മതൻ വിശുദ്ധിതൻ പനിനീർ നമ്മളിലും നിറയട്ടെ.
ലളിത ജീവിതം നയിച്ച അൽഫോൻസാമ്മയുടെ തിരുനാളിനെ സമ്പന്നമാക്കുന്ന തിരുകർമ്മങ്ങൾക്കും ആത്മീയ ശുശ്രൂഷകൾക്കും ഇന്ന് കൊടിയേറും. വിശ്വാസത്തിന്റെ പരസ്യപ്രഖ്യാപനമായ വിശുദ്ധ കുർബാനയും ജപമാല മെഴുകുതിരി പ്രദക്ഷിണവുമാണ് തിരുനാളിൽ പ്രധാനം. കബറിട ദൈവാലയത്തിൽ ഇന്നുമുതൽ ഒൻപതു ദിവസത്തേക്ക് രാവിലെ 5.30 മുതൽ സന്ധ്യക്ക് 7 വരെ തുടർച്ചയായി വിശുദ്ധ കുർബാനയും നൊവേനയും ഉണ്ടായിരിക്കും. എല്ലാ ദിവസവും 11.30-നുള്ള വിശുദ്ധ കുർബാന അഭിവന്ദ്യ പിതാക്കന്മാരുടെ കാർമികത്വത്തിൽ ആയിരിക്കും.
കഠിനവേദനകളിലും പരീക്ഷണങ്ങളിലും മാതൃഭക്തിയെ ഏറ്റം ബലമായി കരുതിയ അൽഫോൻസാമ്മയുടെ തിരുനാളിന് എല്ലാദിവസവും ജപമാലമെഴുകുതിരി പ്രദക്ഷിണവും ഉണ്ടായിരിക്കും. ഏറ്റവും മുന്നിൽ രക്ഷയുടെ അടയാളമായ സ്ലീവ, തൊട്ടുപിന്നിൽ പരിശുദ്ധ അമ്മയുടെ അലങ്കരിച്ച് ഒരുക്കിയ തിരുസ്വരൂപം, ഏറ്റവും പിന്നിൽ അൽഫോൻസാമ്മയുടെ തിരുശേഷിപ്പും സംവഹിച്ചുകൊണ്ട് വൈദികഗണവും. രാവിലെ 11.15ന് പാലാ രൂപതാദ്ധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് കൊടിയേറ്റും. തുടർന്ന് 11. 30 ന് ചങ്ങനാശ്ശേരി അതിരൂപതാ മെത്രാപ്പോലീത്താ മാർ ജോസഫ് പെരുന്തോട്ടം ആഘോഷമായ വിശുദ്ധ കുർബാന അർപ്പിച്ച് സന്ദേശം നൽകും. ഫാ. ആന്റണി കൊല്ലിയിൽ ഫാ. ജോൺ നടുത്തടം എന്നിവർ സഹകാർമീകരായിരിക്കും.
തിരുനാളിന്റെ ആദ്യദിനമായ ഇന്ന് രാവിലെ 5 30 ന് ഫാ. അഗസ്റ്റിൻ പാലക്കാപറമ്പിൽ, 6. 45-ന് ഫാ. മാർട്ടിൻ മാന്നാത്ത് OFM Cap., 8.30ന് ഫാ. ജോർജ് പാറേക്കുന്നേൽ, ഉച്ചകഴിഞ്ഞ് 2. 30-ന് ഫാ. എബി അമ്പലത്തുങ്കൽ CRM, വൈകുന്നേരം 4-ന് ഫാ. തോമസ് പനയ്ക്കക്കുഴിയിൽ, 5-ന് പാലാ രൂപതാ വികാരി ജനറാൾ മോൺ. ജോസഫ് മലേപ്പറമ്പിൽ, 7-ന് ഫാ. ജോസഫ് മൂക്കൻതോട്ടത്തിൽ എന്നിവർ വിശുദ്ധ കുർബാന അർപ്പിക്കും. വൈകുന്നേരം 6. 15ന് നടത്തുന്ന ജപമാലപ്രദക്ഷിണത്തിന് ഫാ. ജോർജ് ഈറ്റയ്ക്കക്കുന്നേൽ വിശുദ്ധ അൽഫോൻസാമ്മയുടെ തിരുശേഷിപ്പ് സംവഹിക്കും.
ഭാരതസഭയ്ക്ക് നവോന്മേഷം നല്കുന്ന അൽഫോൻസാമ്മയുടെ ഓർമ്മകൾ ഭരണങ്ങാനത്തു നിറഞ്ഞുനില്ക്കുന്നു. നവസന്യാസിനിയായി എത്തിയ ഭരണങ്ങാനം മഠം, അമ്മ ജീവിച്ചു പുണ്യം നിറച്ച മഠത്തിലെ അമ്മയുടെ മുറി, എന്നും വിശുദ്ധ കുർബാനയിൽ സംബന്ധിച്ചിരുന്ന മഠം ചാപ്പൽ, അൽഫോൻസാമ്മയുടെ ആദ്യവ്രതം നടത്തിയ ഭരണങ്ങാനം ഫൊറോനാപ്പള്ളി, 1947 ജൂലൈ 29-ന് അമ്മയെ കബറടക്കിയ തീർത്ഥാടന ദൈവാലയം, എന്നിങ്ങനെ സ്നേഹബലിയായി ജീവിച്ച അൽഫോൻസാമ്മയുടെ വിശുദ്ധിയുടെ പരിമളത്താൽ ഒരിക്കൽകൂടി ഭരണങ്ങാനം നിറയുന്നു.
തിരുനാളിൽ പങ്കെടുക്കാനെത്തുന്ന ഭക്തജനങ്ങൾക്ക് വിപുലമായ സൌകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്. പാർക്കിംഗ് ഗ്രൌണ്ട് അറ്റകുറ്റപണികൾ നടത്തി തയ്യാറാക്കിയിട്ടുണ്ട്. തീർത്ഥാടകർക്കുള്ല താമസസൌകര്യവും ഒരുക്കിയിട്ടുണ്ട്. 24 മണിക്കൂറും കബറിടം സന്ദർശിച്ച് പ്രാർത്ഥിക്കുാവാനുള്ള സൌകര്യവുമുണ്ട്. തീർത്ഥാടനകേന്ദ്രത്തോടു ചേർന്നുള്ള മ്യുസിയം എല്ലാ ദിവസവും രാവിലെ 8.30 മുതൽ വൈകിട്ട് 5 വരെ തുറന്നു പ്രവർത്തിക്കും. എല്ലാ ദിവസവും രാവിലെ 7 മുതൽ വൈകുന്നേരം 6 വരെ അൽഫോൻസാമ്മ ജീവിച്ച മഠവും മുറിയും സന്ദർശിക്കുവാൻ സാധിക്കും. തീർത്ഥാടകരെ സഹായിക്കുന്നതിനായി 101 അംഗ വോളണ്ടിയേഴ്സ് ടീമും സുസജ്ജമാണ്. തിരുനാൾ ദിവസങ്ങളിൽ പള്ളി പരിസരങ്ങൾ മാലിന്യമുക്തമാക്കി പരിപാലിക്കുന്നതിനും ഹരിത പ്രോട്ടോക്കോൾ പാലിക്കുന്നത് ഉറപ്പാക്കുന്നതിനുമായി ഭരണങ്ങാനം ഗ്രാമപഞ്ചായത്തിലെ ഹരിതകർമ്മസേനയുടെ സേവനം പഞ്ചായത്ത് പ്രസിഡന്റ് ലിസമ്മ സെബാസ്റ്റ്യന്റെയും മറ്റ് മെമ്പർ മാരുടെയും സഹകരണത്തോടെ ഉറപ്പാക്കിയിട്ടുണ്ട്.
തിരുനാൾ തിരുക്കർമ്മങ്ങൾക്ക് അൽഫോൻസാ ഷ്റൈൻ റെക്ടർ ഫാ. അഗസ്റ്റിൻ പാലക്കാപറമ്പിൽ, ഇടവകപള്ളി വികാരി ഫാ. സഖറിയാസ് ആട്ടപ്പാട്ട്, തീർത്ഥാടനകേന്ദ്രം അഡ്മിനിസ്ട്രേറ്റർ ഫാ. ഗർവാസീസ് ആനിത്തോട്ടത്തിൽ, വൈസ് റെക്ടർ ഫാ. ആന്റണി തോണക്കര എന്നിവർ നേതൃത്വം നല്കും.

Leave a Reply

Your email address will not be published. Required fields are marked *