തിരഞ്ഞെടുപ്പിൽ മട്ടന്നൂരിനെ ഒഴിവാക്കുന്ന തിരഞ്ഞെടുപ്പ് കമ്മീഷൻ
കണ്ണൂർ : കേരളത്തില്‍ ആകെ 1200 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുണ്ട്. എന്നാല്‍ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത് 1199 സ്ഥാപനങ്ങളിലേക്ക് മാത്രമാണ്. കേരളം മുഴുവൻ നടക്കുന്ന ഈ ആഘോഷത്തിൽ നിന്ന് ഒഴിവായത് കണ്ണൂര്‍ ജില്ലയിലെ മട്ടന്നൂരാണ്. 35 വാർഡുള്ള നഗരസഭയാണിത്.. ഈ കാരണം പലർക്കും അറിയില്ല.1990-ല്‍ ഇകെ നായനാർ നേതൃത്വം നൽകിയ എല്‍ഡിഎഫ് സര്‍ക്കാരാണ് മട്ടന്നൂര്‍ പഞ്ചായത്തിനെ മുനിസിപ്പാലിറ്റിയാക്കിയത്. എന്നാല്‍ അടുത്തവർഷം അധികാരത്തില്‍ വന്ന കെ കരുണാകരന്റെ നേതൃത്വത്തിൽ അധികാരത്തിൽ വന്ന ഐക്യജനാധിപത്യ മുന്നണി സർക്കാർ മുൻ സർക്കാറിന്റെ തീരുമാനം റദ്ദ് ചെയ്തു. സർക്കാർ തീരുമാനത്തിനെതിരെ എൽഡിഎഫ് കോടതിയെ സമീപിച്ചു. തുടർന്ന് തെരഞ്ഞെടുപ്പ് വർഷങ്ങളോളം അനിശ്ചിതത്വത്തിലായിരുന്നു. വര്‍ഷങ്ങളോളം കേസ് നടന്നെങ്കിലും തീരുമാനം ഉണ്ടായത് സിപിഎം വീണ്ടും അധികാരത്തില്‍ എത്തിയപ്പോഴായിരുന്നു. 1996 ൽ എൽഡിഎഫ് സർക്കാർ അധികാരത്തിൽ വന്നതോടെ മട്ടന്നൂരിനെ വീണ്ടും മുനിസിപ്പാലിറ്റിയാക്കി ഉയർത്തുകയായിരുന്നു. മട്ടന്നൂർ മുനിസിപ്പാലിറ്റി ആയതിന് ശേഷമുള്ള ആദ്യ തെരഞ്ഞെടുപ്പ് നടന്നത് 1997 ലാണ്.
അഞ്ച് വര്‍ഷമാണല്ലോ ഭരണസമിതിയുടെ കാലാവധി. അങ്ങനെ തിരഞ്ഞെടുപ്പ് നടത്തുമ്പോള്‍ മറ്റ് തദ്ദേശ സ്ഥാപനങ്ങള്‍ക്കൊപ്പം മട്ടന്നൂരില്‍ നടത്താന്‍ കഴിയില്ല. അതുകൊണ്ട് മട്ടന്നൂർ മാറി നിൽക്കും അങ്ങനെ 2002, 2007, 2012, 2017 ഇങ്ങനെ 2022 വരെ തിരഞ്ഞെടുപ്പ് നടന്നു. അതുകൊണ്ട് തന്നെ 2027വരെ ഭരണസമിതിക്ക് കാലാവധിയുണ്ട്.
അന്നുമുതൽ ഭരിക്കുന്നത് സിപിഎമ്മാണ്. ആറ് തിരഞ്ഞെടുപ്പിലും മൃഗീയ ഭൂരിപക്ഷം എന്ന് തന്നെ പറയാം. എന്നാല്‍ കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ശക്തി കേന്ദ്രം സിപിഎമ്മിനെ ഒന്ന് ഞെട്ടിച്ചിരുന്നു. 21 സീറ്റുകള്‍ നേടി എല്‍ഡിഎഫ് അധികാരത്തില്‍ എത്തി എങ്കിലും യുഡിഎഫ് 14 സീറ്റുകള്‍ നേടി വന്‍മുന്നേറ്റം നടത്തി. 28 സീറ്റില്‍ നിന്നാണ് എല്‍ഡിഎഫ് 21ലേക്ക് വീണത്. മൊത്തം വാർഡുകളിലെ ഇരുമുന്നണികളുടേയും വോട്ട് വ്യത്യാസം കണക്കാക്കുമ്പോൾ നാലായിരത്തോളം വോട്ടുകളുടെ മുൻതൂക്കമാണ് എൽഡിഎഫിനുള്ളത്

