ആലയില്‍ നിന്നും അഭിമാനത്തിനൊപ്പം വരുമാനവും കണ്ടെത്തി അനില്‍
——————————————————
എ. സെബാസ്റ്റ്യന്‍
അങ്കമാലി : കുലതൊഴില്‍ പിന്‍തുടരാതെ, വൈറ്റ് കോളര്‍ ജോലിക്കായി പരിശ്രമിക്കുന്നവര്‍ക്കൊരു മാതൃകയാണ് അനില്‍. അന്തസ്സോടെ ആലയില്‍ തീയില്‍ ഉരുക്കി അകവും പുറവും പൊള്ളി ആയുധങ്ങള്‍ പണിത് നല്‍കുമ്പോള്‍ ലഭിക്കുന്നത് എന്തോ അതാണ് ആ കുളിര്‍മ. താഴെ നിന്നും അടിയില്‍ നിന്നും ആലയില്‍ നിന്നുള്ള പൊള്ളല്‍ തടയുവാന്‍ മാതൃകാപരമായി പച്ചക്കറി കൃഷിയും ആലയോട് ചേര്‍ന്ന് അനിൽ നട്ട് വളര്‍ത്തുന്നുണ്ട്. കൊല്ലപ്പണി ചെയ്യുവാന്‍ പുതുതലമുറ മടിച്ച് നിന്നപ്പോള്‍ നാട്ടിന്‍പുറങ്ങളില്‍ കൃഷിപണിക്കുള്ള ആയുധങ്ങള്‍ മൂര്‍ച്ച കൂട്ടാനും വീട്ടിലെ കറിക്കത്തി, മറ്റ് ആയുധങ്ങള്‍ തുരുമ്പെടുക്കാതെ മൂര്‍ച്ചക്കൂട്ടി ഉപയോഗിക്കുവാനാകാതെ വലയുന്നിടത്താണ് മുട്ടത്തില്‍ അനിലിന്റെ ആല ഉയര്‍ന്ന് വന്നത്. അച്ഛന്‍ നടത്തിയിരുന്ന ആല ഉണ്ടായിരുന്നിടത്ത് നിന്നും അനിലുയര്‍ത്തിയ പുതിയ ആലയില്‍ നിന്നും ഇരുമ്പിലിടിക്കുന്ന ശബ്ദമുയര്‍ന്നു. അതിലൂടെ നാട്ടിലെ കൃഷിക്കാര്‍ക്കും വീട്ടുകാര്‍ക്കും ആശ്വാസമായി. ഉത്തരേന്ത്യയില്‍ നിന്നുമെത്തുന്ന ചണ വെയ്ക്കുന്നവരുടെ തട്ടിപ്പിൽ നിന്നും മോചിതരാക്കി എന്നിടത്താണ് അനിലിന്റെ ആല തലയുര്‍ത്തി നില്‍ക്കുന്നത്. നാട്ടില്‍ പണിയായുധങ്ങള്‍ വില്‍ക്കുന്ന കടകളില്‍ നിന്നും അധികം ഓര്‍ഡര്‍ ലഭിച്ചപ്പോള്‍ അനിലിന് തൊഴിലിന്റെ അഭിമാനത്തിനൊപ്പം നന്നായി ജീവിക്കാനുള്ള വരുമാനവുമായി. അറിയാവുന്ന കുലതൊഴില്‍ മാറ്റി വെച്ച് വലിയ ബിരുദങ്ങള്‍ ലക്ഷങ്ങള്‍ മുടക്കി പഠിച്ചതിന് ശേഷം, തുച്ഛമായ ശമ്പളത്തിന് ജോലി ചെയ്യേണ്ടി വരുന്നവര്‍ക്ക് അനിൽ ഉത്തമ മാതൃകയായി തീരുന്നു.ഗള്‍ഫിലെ ജോലിക്ക് ശേഷമാണ് അനില്‍ സ്വന്തം ആലയില്‍ തീ വെച്ച് ആയുധങ്ങള്‍ നിര്‍മ്മിക്കാന്‍ തുടങ്ങിയത്. നന്നായി തീയില്‍ പണിത് മൂര്‍ച്ചയുള്ള ആയുധങ്ങള്‍ കൈ മാറുമ്പോള്‍ ലഭിക്കുന്ന സന്തോഷം തന്നെയാണ് മുന്നോട്ടുള്ള പ്രചോദനം.