തോൽവിയറിയാത്ത ഉമ്മൻചാണ്ടി
തിരുവനന്തപുരം : കേരള രാഷ്ട്രീയത്തിലെ അധികായനായിരുന്ന ഉമ്മൻചാണ്ടിയുടെ, തോൽവി അറിയാത്ത രാഷ്ട്രീയ ജീവിതത്തിനാണ് പരിസമാപ്തി ആയിരിക്കുന്നത്.കേരള നിയമസഭാ തെരഞ്ഞെടുപ്പുകളുടെ കാര്യത്തിൽ ചരിത്രമെഴുതിയ നേതാവാണ് ഉമ്മൻചാണ്ടി. തോൽവിയറിയാത്തതാണ് ഉമ്മൻചാണ്ടിയുടെ തെരഞ്ഞെടുപ്പ് ചരിത്രം. 12 തവണയാണ് അദ്ദേഹം നിയമസഭയിലേക്ക് ജയിച്ചത്. ഓരോ തവണയും ജയത്തിന് തിളക്കമേറിക്കൊണ്ടിരുന്നു.
1970- ആദ്യ ജയം
പുതുപ്പള്ളിയുടെയും ഉമ്മൻചാണ്ടിയുടെയും ആദ്യ മത്സരം. പാർട്ടി കടുത്ത പ്രതിസന്ധിയെ നേരിടുന്ന സമയത്താണ് കന്നിയങ്കം. അന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷനായിരുന്ന ഉമ്മൻ ചാണ്ടിയുടെ ചിഹ്നം തെങ്ങ്. രണ്ട് തവണ ജയിച്ചിട്ടുള്ള സി.പി.എമ്മിലെ സിറ്റിംഗ് എം.എല്‍.എ ഇ.എം. ജോർജിനെ വാശിയേറിയ ത്രികോണ മത്സരത്തിൽ 1970 സെപ്‌തംബര്‍ 17ന് ഉമ്മൻചാണ്ടി അടിയറവ് പറയിച്ചു. ജയം 7,288 വോട്ടുകള്‍ക്ക്. 1970 ഒക്ടോബര്‍ നാലിന് ഉമ്മൻചാണ്ടി പുതുപ്പള്ളിയുടെ ആദ്യ നിയമസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തു. പ്രായം 27 വയസ്. 30 വയസിൽ താഴെയുള്ള അഞ്ച് യൂത്ത് കോൺഗ്രസ് നേതാക്കൻമാർ അന്ന് നിയമസഭയിലേക്ക് ജയിച്ചുകയറിയതും ചരിത്രമായിരുന്നു.