ഗവർണർമാർക്ക് കടിഞ്ഞാണിട്ട് സുപ്രീം കോടതി
ന്യൂഡൽഹി∙ സംസ്ഥാന നിയമസഭകള്‍ പാസാക്കുന്ന ബില്ലുകളില്‍ രാഷ്ട്രപതി മൂന്നു മാസത്തിനകം തീരുമാനമെടുക്കണമെന്ന് സുപ്രീം കോടതി. തമിഴ്നാട് ഗവര്‍ണര്‍ക്കെതിരായ കേസിലെ വിധിയിലാണ് നിര്‍ദേശം. തീരുമാനം വൈകിയാൽ അതിനുള്ള കാരണം സംസ്ഥാന സർക്കാരിനെ രേഖാമൂലം അറിയിക്കണമെന്നും സുപ്രീം കോടതി ഉത്തരവിട്ടു. രാഷ്ട്രപതിയുടെ തീരുമാനം വൈകിയാൽ അതു കോടതിയിൽ ചോദ്യം ചെയ്യാനുള്ള അധികാരം സംസ്ഥാനങ്ങൾക്ക് ഉണ്ടെന്നും സുപ്രീം കോടതി വ്യക്തമാക്കി. രാഷ്ട്രപതി അനുമതി നിഷേധിച്ചാല്‍ സുപ്രീംകോടതിയില്‍ ചോദ്യം ചെയ്യാം. ഓര്‍ഡിനന്‍സുകളില്‍ മൂന്നാഴ്ചയ്ക്കുള്ളില്‍ തീരുമാനമെടുക്കണമെന്നും കോടതി നിര്‍ദേശിച്ചു.
നിയമസഭ പാസാക്കിയ 10 ബില്ലുകളാണ് തമിഴ്നാട് ഗവര്‍ണര്‍ തടഞ്ഞുവച്ചത്. വീണ്ടും സഭ പാസാക്കിയതോടെ രാഷ്ട്രപതിയുടെ പരിഗണനയ്ക്കായി അയച്ചു. രണ്ടാമതും നിയമസഭ പാസാക്കിയ ബില്ലുകള്‍ തടഞ്ഞുവയ്ക്കുന്നത് അന്യായവും തെറ്റായ കീഴ്‌വഴക്കവുമാണെന്നു കോടതി ചൂണ്ടിക്കാട്ടി. ഈ സാഹചര്യത്തില്‍ രാഷ്ട്രപതി ബില്ലിന്‍മേല്‍ കൈക്കൊള്ളുന്ന തീരുമാനങ്ങള്‍ നിയമപരമായി അസാധുവായിരിക്കുമെന്നും കോടതി വ്യക്തമാക്കി. ഇതാദ്യമായാണ് നിയമസഭകൾ പാസാക്കുന്ന ബില്ലുകളിൽ തീരുമാനം എടുക്കാൻ രാഷ്ട്രപതിക്ക് സുപ്രീം കോടതി സമയ പരിധി നിശ്ചയിക്കുന്നത്.

