ടേക്ക് എ ബ്രേക്ക് പദ്ധതി വൻ അഴിമതി
കെട്ടിട നിർമ്മാണം ആരംഭിച്ച സ്ഥലം വിവാദ ഭൂമിയാണ്. റവന്യൂ, ഭൂമിയാണോ, പൊതുമരാമത്തു വകുപ്പിന് കീഴിലാണോ എന്ന് ഇതുവരെ നിശ്ചയിക്കപെട്ടിട്ടില്ല
വടക്കാഞ്ചേരി ; സർക്കാരിന്റെ 12 ഇന പരിപാടിയിൽ ഉൾപെടുത്തി മുനിസിപ്പാലിറ്റി നിർമ്മാണം ആരംഭിച്ച ടേക്ക് എ ബ്രേക്ക് സംരഭം വൻ അഴിമതിയാണെന്ന ആരോപണം ശക്തം.
27-ാം ഡിവിഷനിലെ കു റാഞ്ചേരിയിൽ സംസ്ഥാന പാതക്ക് സമീപം ആരംഭിച്ച പദ്ധതി 2 ഘട്ടമായി 51 ലക്ഷം രൂപ ചെലവഴിച്ചു കഴിഞ്ഞിട്ടും അസ്ഥി കൂടമായി നിൽക്കുകയാണ്. വഴിയാത്രക്കാർക്കും സ്ത്രീകൾക്കും ശുചിത്വ മുറികൾ ഉൾപെടെ വിശ്രമിക്കുന്നതിനും ലഘു ഭക്ഷണം കഴിക്കുന്നതിനും സംസ്ഥാന വ്യാപകമായി പ്രധാന പാതകൾക്ക് സമീപം ഇത്തരം സംരഭങ്ങൾ ആരംഭിക്കാൻ തീരുമാനിച്ചതിന്റെ ഭാഗമായാണ് വടക്കാഞ്ചേരിക്കും അനുവദിച്ചു കിട്ടിയത്. 2020 ൽ തന്നെ നിർമ്മാണം പൂർത്തീകരിക്കണമെന്നായിരുന്നു നിർദേശം. എന്നാൽ വർഷങ്ങൾ കഴിഞ്ഞിട്ടും നിർമ്മാണം പൂർത്തീകരിക്കാൻ സാധിച്ചിട്ടില്ല. ലക്ഷക്കണക്കിനു രൂപയുടെ ഇരുമ്പ് സാമഗ്രികൾ തുരുമ്പെടുത്തു കഴിഞ്ഞു കെട്ടിട നിർമ്മാണം ആരംഭിച്ച സ്ഥലം വിവാദ ഭൂമിയാണ്. റവന്യൂ, ഭൂമിയാണോ, പൊതുമരാമത്തുവകുപ്പിന് കീഴിലാണോ എന്ന് ഇതുവരെ നിശ്ചയിക്കപെട്ടിട്ടില്ല. കൂടാതെ പുറകു വശത്ത് റെയിൽവേ ട്രാക്കുമാണ്.
കൈവശ ഭൂമി മുനിസിപ്പാലിറ്റി കൈയേറി നിർമ്മാണ പ്രവർത്തനം നടത്തിയെന്നാരോപിച്ച് ഇതിനടുത്തുള്ള സ്വകാര്യ വ്യക്തി കോടതി കേസ് ഫയൽ ചെയ്തിട്ടുണ്ട്. തർക്ക ഭൂമിയിയിൽ സൈറ്റ് പെർമിഷൻ കൊടുത്തതിലും ദുരുഹതയുണ്ട്. സംസ്ഥാന വ്യാപകമായി നടപ്പിലാക്കിയ ടേക്ക് എ ബ്രേക്ക് പദ്ധതി വടക്കാഞ്ചേരിയിൽ മാത്രമാണ് പൂർത്തി കരിക്കാൻ കഴിയാഞ്ഞത്. തിടുക്കത്തിൽ വേണ്ടത്ര കൂടിയാലോചനകൾ ഇല്ലാതെ നഗരസഭ കൗൺസിലിൽ ചർച്ചയില്ലാതെയാണ് നിർമ്മാണ പ്രവർത്തനം ആരംഭിച്ചതെന്ന് നഗരസഭ കൗൺസിലർ എസ്.എ.എ ആസാദ് പറഞ്ഞു
തേക്കുമരം മോഷണം പോയ നിലയിൽ
കെട്ടിട നിർമ്മാണം നടന്ന സ്ഥലത്തിനു പുറക് വശത്തു നിന്നും ലക്ഷങ്ങൾ വിലമതിക്കുന്ന തേക്കു മരങ്ങൾ മുറിച്ചു കടത്തിയിട്ടുണ്ട്. ഇത് സംമ്പന്ധിച്ച് ശക്തമായ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നടപടിയെടുക്കണമെന്ന് കോൺഗ്രസ് പ്രതിനിധിസംഘം ആവശ്യപെട്ടു. നഗര സഭ കൗൺസിലർ എസ്.എ.എ ആസാദ് , ഡി.സി.സി സെക്രട്ടറി എൻ.ആർ സതീശൻ , ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് പി.ജി. ജയദീപ് ,ജയൻ മംഗലം, കെ.കെ അബൂബക്കർ, ഫിലിപ്പ് ജേക്കബ്ബ്, ഇ.ആർ ജയപ്രകാശ്, റോയ് ചിറ്റിലപ്പിള്ളി, ഇ .ജി രാജീവ്, കെ.ഡി ദിലീപ്, ഉണ്ണി തെനം പറമ്പ് എന്നിവർ പ്രതിനിധി സംഘത്തിൽ ഉണ്ടായിരുന്നു.