തലകുനിയ്ക്കാനില്ല. വിജയ്
ചെന്നൈ: സമ്മർദ്ദത്തിന് വഴങ്ങാനോ തലകുനിയ്ക്കാനോ താൻ ഉദ്ദേശിക്കുന്നില്ലെന്ന് നടനും രാഷ്ട്രീയപ്രവർത്തകനുമായ വിജയ്. സിബിഐ ചോദ്യം ചെയ്തതിന് തൊട്ടുപിന്നാലെ മഹാബലിപുരത്ത് നടന്ന തമിഴക വെട്രി കഴക( ടിവികെ)ത്തിന്റെ യോഗത്തിൽ സംസാരിക്കുകയായിരുന്നു വിജയ്. യോഗത്തിൽ ടിവികെയുടെ മൂവായിരത്തോളം സംസ്ഥാന, ജില്ലാ തല ഭാരവാഹികൾ പങ്കെടുത്തിരുന്നു. വരാനിരിക്കുന്ന തമിഴ്നാട് തിരഞ്ഞെടുപ്പിൽ ടിവികെ മത്സരരംഗത്തുണ്ടാകാൻ സാധ്യതയുണ്ടെന്നാണ് സൂചന.
“ഇതൊരു തിരഞ്ഞെടുപ്പ് മാത്രമല്ല, ജനാധിപത്യ യുദ്ധമാണ്. ഈ യുദ്ധം നയിക്കുന്ന യോദ്ധാക്കളാണ് നിങ്ങളോരോരുത്തരും.”വിജയ് പറഞ്ഞു. “രാഷ്ട്രീയത്തിൽ ഉള്ളവർ അണ്ണായെ മറന്നു, അണ്ണാ എന്ന് പേരുള്ള പാർട്ടിക്കാർ പോലും.” അണ്ണാ എന്നത് മുൻ തമിഴ്നാട് മുഖ്യമന്ത്രിയും ദ്രാവിഡ രാഷ്ട്രീയത്തിലെ പ്രധാന ചിന്തകനുമായ സി.എൻ. അണ്ണാദുരൈയാണ്. അധികാരത്തിലുള്ള പാർട്ടികളുടെ വ്യാജ വോട്ട് കേന്ദ്രങ്ങളാണ് പോളിങ് ബൂത്തുകളെന്ന് വിജയ് കൂട്ടിച്ചേർത്തു. ദുഷ്ടശക്തിയെ (ഡിഎംകെ)യും അഴിമതി ശക്തിയെ’യും (എഐഎഡിഎംകെ) നേരിടാൻ ധൈര്യമുള്ളത് ടിവികെയ്ക്കു മാത്രമാണെന്ന് വിജയ് പറഞ്ഞു. സംസ്ഥാനത്തുടനീളം പ്രചാരണയാത്ര നാളെ ആരംഭിക്കുമെന്ന് ടിവികെ നേതാക്കൾ അറിയിച്ചു. സംസ്ഥാന തിരഞ്ഞെടുപ്പിന് മുന്നോടിയായി പിന്തുണ നേടുന്നതിനായി സംസ്ഥാനത്തെ 234 നിയമസഭാ മണ്ഡലങ്ങളിലൂടെയും യാത്ര കടന്നുപോകും. ടിവികെ ഇതുവരെ ഒരു പാർട്ടിയുമായി സഖ്യം പ്രഖ്യാപിച്ചിട്ടില്ല. രാഷ്ട്രീയ കൂട്ടുകെട്ട് സംബന്ധിച്ചുള്ള തീരുമാനം വിജയ് യുടെതായിരിക്കുമെന്നും ടിവികെ നേതാക്കൾ പറഞ്ഞു.
അടുത്തിടെ രാഷ്ട്രീയ രംഗത്തേക്ക് കടന്നുവന്ന സൂപ്പർതാരം കഴിഞ്ഞ കുറച്ച് മാസങ്ങളായി വാർത്തകളിൽ നിറഞ്ഞുനിൽക്കുകയാണ്. സെപ്റ്റംബറിൽ തമിഴ്നാട്ടിലെ കരൂരിൽ വിജയ് നടത്തിയ റാലിയിൽ തിക്കിലും തിരക്കിലുംപെട്ട് 41 പേർക്ക് ജീവഹാനി സംഭവിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് സിബിഐ അന്വേഷണം നടത്തുകയാണ്. വിജയ് യുടെ ‘ജനനായകൻ’ എന്ന സിനിമ സെൻസർ ബോർഡ് പ്രദർശനം തടഞ്ഞതിനെത്തുടർന്ന് വാർത്തകളിൽ ഇടം നേടിയിരുന്നു. സിനിമ റിലീസ് ചെയ്യാൻ കോടതിയെ സമീപിച്ചിരിക്കുകയാണ് നടൻ.

