തലശേരി – മാഹി ബൈപ്പാസ് യാഥാർത്ഥ്യമാകുന്നു
കണ്ണൂർ: മലബാറിന്റെ ഏറെ കാലമായുള്ള യാത്രാ ദുരിതത്തിനും ഗതാഗത കുരുക്കിനും പരിഹാരവും, യാത്രക്ക് കുതിപ്പുമേകി തലശേരിക്കാരുടെ ചിരകാല സ്വപ്നമായ തലശേരി – മാഹി ബൈപ്പാസ് ഒടുവിൽ യാഥാർത്ഥ്യമാകുന്നു.ജനുവരിയിൽ പൊതുജനങ്ങൾക്കായി തുറന്ന് നൽകാനാണ് നിലവിലെ തീരുമാനം.എന്നാൽ നിർമ്മാണത്തെ ചൊല്ലിയുള്ള കേന്ദ്ര – സംസ്ഥാന സർക്കാരുകളുടെ പോരും മുറുകയാണ്. ഒന്നും ചെയ്യാത്തവർ ക്രെഡിറ്റ് തട്ടിയെടുക്കാൻ ശ്രമിക്കുകയാണെന്ന് മുഖ്യമന്ത്രി വിമർശിച്ചു. 18.6 കിലോ മീറ്റർ ദൂരമുള്ള തലശേരി – മാഹി ബൈപ്പാസ് തുറക്കുന്നതോടെ യാത്രയുടെ വേഗം കൂടും. 1977 ൽ സ്ഥലം ഏറ്റെടുക്കൽ ആരംഭിച്ചെങ്കിലും 2018 നവംബറിലാണ് പ്രവൃത്തി ഔദ്യോഗികമായി തുടങ്ങിയത്.
ബീമുകൾ തകർന്നുവീണതും കൊവിഡും പ്രതിസന്ധിയും നിർമ്മാണത്തിന്റെ വേഗത കുറച്ചു. ഉദ്ഘാടനം അടുക്കവെ കേന്ദ്ര – സംസ്ഥാന സർക്കാരുകളുടെ പേരിലുള്ള വാദ പ്രതിവാദങ്ങളും ചൂടുപിടിക്കുകയാണ്.

