അതിഥി തൊഴിലാളികളുടെ മരണനിരക്ക് കൂടുന്നു
കേരളത്തിലെത്തുന്ന തൊഴിലാളികളെ കുറിച്ചോ മരണപ്പെടുന്നവരെ കുറിച്ചോ കൃത്യമായ കണക്കുകൾ സർക്കാരിനുൾപ്പെടെ ലഭ്യമല്ല
നെടുമ്പാശ്ശേരി: വിവിധ സംസ്ഥാനങ്ങളിൽ നിന്നും കേരളത്തിൽ എത്തിയിട്ടുള്ള തൊഴിലാളികളുടെ മരണ നിരക്ക് കൂടുന്നു.കേരളത്തിൽ 50 ലക്ഷത്തോളം അതിഥി തൊഴിലാളികൾ ഉണ്ടെന്നാണ് അനൗദ്യോഗിക കണക്ക്.പ്രതിമാസം 30 ന് മുകളിൽ തൊഴിലാളികൾ മരണപ്പെടുന്നുണ്ടെന്നും കണക്കാക്കുന്നു.ആഴ്ചയിൽ നാലോളം മൃതദേഹങ്ങൾ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഡൊമസ്റ്റിക്ക് കാർഗോ വഴി പോകുന്നുണ്ട്.സംസ്ഥാനത്തിന്റെ മറ്റു വിമാനത്താവളങ്ങൾ വഴിയും മൃതദേഹങ്ങൾ കൊണ്ടുപോകുന്നുണ്ട്.കേരളത്തിലെത്തുന്ന തൊഴിലാളികളെ കുറിച്ചോ മരണപ്പെടുന്നവരെ കുറിച്ചോ കൃത്യമായ കണക്കുകൾ സർക്കാരിനുൾപ്പെടെ ലഭ്യമല്ല.
നാല് സംസ്ഥാനങ്ങളിലുള്ള അതിഥി തൊഴിലാളികളുടെ മൃതദേഹങ്ങളാണ് കഴിഞ്ഞ ദിവസം കൊച്ചി വിമാനത്താവളം വഴി കൊണ്ട് പോയത്..ഹൃദയാഘാതം മൂലവും,മഞ്ഞപ്പിത്തം ഉൾപ്പെടെയുള്ള വിവിധ രോഗങ്ങൾ മൂലവുമാണ് കൂടുതൽ പേരും മരിക്കുന്നതെന്നും കൃത്യമായ ചികിത്സ ലഭിക്കാത്തതാണ് പലപ്പോഴും മരണകാരണം ആകുന്നതെന്നതെന്നും അതിഥി തൊഴിലാളികൾ ആരോപിക്കുന്നു.
ലേബർ ഡിപ്പാർട്ട്മെൻ്റായിരുന്നു മരണപ്പെടുന്ന അഥിതി തൊഴിലാളികളുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നതിനുള്ള പണം നൽകിയിരുന്നത്.പിന്നീട് ലേബർ ഡിപ്പാർട്ട്മെൻ്റിൽ രജിസ്റ്റർ ചെയ്ത തൊഴിലാളികളുടെ മൃതദേഹങ്ങൾ മാത്രം അവർ എത്തിച്ചിരുന്നു.കഴിഞ്ഞ കുറെ നാളുകളായി സാമ്പത്തിക സഹായങ്ങൾ ഒന്നും തന്നെ ലേബർ ഡിപ്പാർട്ട്മെൻറ് ചെയ്യുന്നില്ല.ഇതിന് ആവശ്യമായ ഫണ്ട് ലഭിക്കുന്നില്ല എന്നതാണ് പ്രശ്നമായി ലേബർ ഡിപ്പാർട്ട്മെൻറ് ഉദ്യോഗസ്ഥർ ചൂണ്ടിക്കാണിക്കുന്നത്.ഇപ്പോൾ മൃതദേഹങ്ങൾ കൊണ്ടുപോകുന്നത് തൊഴിലുടമയോ,മരണപ്പെട്ട തൊഴിലാളിയുടെ ബന്ധുക്കളോ പണം മുടക്കിയാണ്.തൊഴിലാളികൾ പരസ്പരം പിരിവെടുത്ത് മൃതദേഹം കൊണ്ടുപോകുന്ന സംഭവങ്ങളും ഉണ്ട്.നാട്ടിലേക്ക് കൊണ്ടു പോകാൻ കഴിയാത്ത മൃതദേഹങ്ങൾ കേരളത്തിൽ സംസ്കരിക്കുന്നുമുണ്ട്.
ആംബുലൻസിൽ മൃതദേഹങ്ങൾ അവരുടെ നാടുകളിലേക്ക് എത്തിക്കുമ്പോൾ രണ്ടു മുതൽ നാലു ദിവസം വരെ എടുക്കുന്നതിനൊപ്പം ഒരു ലക്ഷം രൂപയ്ക്ക് മുകളിൽ ചിലവും വരും.വിമാന മാർഗമാകുമ്പോൾ മൃതദേഹം വേഗത്തിൽ എത്തിക്കാൻ കഴിയുന്നതിനൊപ്പം ചിലവുകളും കുറവാണ്.അതുകൊണ്ടാണ് മൃതദേഹങ്ങൾ വിമാനമാർഗ്ഗം നാട്ടിലേക്ക് കൊണ്ടുപോകുന്നത്.മുൻപ് നാൽപതിനായിരം രൂപ മുതൽ ഒരു ലക്ഷം രൂപ വരെ സ്വകാര്യ ഏജൻസികൾ വാങ്ങിയാണ് തൊഴിലാളികളുടെ മൃതദേഹങ്ങൾ വിമാന മാർഗം കൊണ്ടുപോയിരുന്നത്.
സൈജുൺ സി കിടങ്ങൂർ