40 മുട്ടകൾ മോഷ്ടിച്ച കള്ളൻ
ചെറുകുന്ന് : വ്യത്യസ്തമായ ഒരു മോഷണമാണ് എഡി എൽപി സ്കൂളിൽ കഴിഞ്ഞദിവസം നടന്നത്.എൽ പി സ്‌കൂളിന്റെ ഓഫീസ് മുറി കുത്തിത്തുറന്ന കള്ളൻ 40 മുട്ടകൾ മോഷ്ടിച്ചു. കണ്ണൂർ കണ്ണപുരത്താണ് സംഭവം. ചെറുകുന്ന് എഡി എൽപി സ്കൂളിലാണ് കവർച്ച നടന്നത്. കുട്ടികൾക്ക് പാകം ചെയ്‌ത് നൽകാൻ സൂക്ഷിച്ചിരുന്ന മുട്ടകളാണ് മോഷണം പോയത്.
മുട്ടയ്‌ക്കൊപ്പം ഡയറിയിൽ സൂക്ഷിച്ചിരുന്ന 1800 രൂപയും മോഷ്‌ടാവ് കവർന്നു. ആകെ 2500 രൂപയുടെ നാശനഷ്‌ടമുണ്ടായി എന്നാണ് സ്‌കൂൾ അധികൃതർ നൽകിയ പരാതിയിൽ പറയുന്നത്.
ജൂലൈ 15നും 18നും ഇടയിലുള്ള സമയത്താണ് കവർച്ച നടന്നതെന്നാണ് പ്രധാനാധ്യാപിക പി ജെ രേഖ ജെയ്‌സി പറയുന്നത്. സംഭവത്തിൽ കണ്ണപുരം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

