തിരുവിതാംകൂർ സഹകരണസംഘം തട്ടിപ്പ്: 32 കോടിയുടെ നഷ്ടം,
തിരുവനന്തപുരം: ബിജെപി നിയന്ത്രണത്തിലുള്ള തകരപ്പറമ്പ് തിരുവിതാംകൂർ സഹകരണസംഘത്തിന്റെ വിവിധ ശാഖകളിൽ നടന്ന കോടികളുടെ നിക്ഷേപത്തട്ടിപ്പുമായി ബന്ധപ്പെട്ട് നാല് കേസുകൾകൂടി പൊലീസ് രജിസ്റ്റർ ചെയ്തു. ഫോർട്ട് സ്റ്റേഷനിൽ പത്തുപേരാണ് പൊലീസിൽ പരാതി നൽകിയത്. പരാതിയിൽ സൊസൈറ്റി പ്രസിഡന്റിനെ ഒന്നും സെക്രട്ടറിയെ രണ്ടും പ്രതികളാക്കിയും ബോർഡ് അംഗങ്ങളെയും ചേർത്ത് 11 പേർക്കെതിരേയാണ് കേസെടുത്തത്. ഇവയിൽ ആറ് കേസുകൾ കഴിഞ്ഞദിവസം രജിസ്റ്റർ ചെയ്തതാണ്.
ഭാരവാഹികളുടെ പേര് ഉള്‍പ്പെടുത്താതെയാണ് ഫോർട്ട് പൊലീസ് കേസെടുത്തിരിക്കുന്നത്. ആകെ 92 പേരാണ് പരാതിക്കാർ. ഈ പരാതിയിലെല്ലാം കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചു. കഴിഞ്ഞ മാസം 22ന് ഭരണസമിതിയുടെ കാലാവധി കഴിഞ്ഞതോടെ അധികൃതർ കൈമലർത്തി. ഇതോടെ നിക്ഷേപകർ പൊലീസിൽ പരാതി നൽകുകയായിരുന്നു. നിലവിൽ അഡ്മിനിസ്‌ട്രേറ്ററുടെ ഭരണത്തിലാണ് സൊസൈറ്റി.2004ൽ ആണ് സംഘം പ്രവർത്തനം ആരംഭിച്ചത്. ആകെ 32 കോടിയുടെ സാമ്പത്തിക നഷ്ടമാണ് സംഘത്തിലുണ്ടായത്. ഇതിനിടെ സഹകരണ വകുപ്പ് സംഘത്തിനെതിരെ പരാതി നൽകാൻ ഒരുങ്ങുകയാണ്. സഹകരണവകുപ്പ് നിയമം 65 പ്രകാരം നടത്തിയ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണു പരാതി. കൂടാതെ, നിക്ഷേപകർക്ക് നഷ്ടപ്പെട്ട പണം ഭാരവാഹികളിൽനിന്ന് ഈടാക്കി നൽകുന്നതിനുള്ള സഹകരണ നിയമം 68(1) പ്രകാരമുള്ള നടപടികളും തുടങ്ങി. ഉത്തരവാദികളുടെ സ്വത്തുവിവരങ്ങൾ കണ്ടെത്തി നിയമപ്രകാരം കണ്ടുകെട്ടുന്നതിനാണ് അന്വേഷണം. റിപ്പോർട്ട് വന്നശേഷം 68(2) നിയമപ്രകാരം ജപ്തിയുൾപ്പെടെ നടപടികളിലേക്ക് കടക്കാനാകും.