പോരടിച്ച് തൊടുപുഴ കളഞ്ഞ് യു ഡി എഫ്
തൊടുപുഴ: തൊടുപുഴ നഗരസഭാ അധ്യക്ഷ സ്ഥാനം എല്‍ഡിഎഫ് നിലനിര്‍ത്തി. യുഡിഎഫ് വോട്ട് ഭിന്നിച്ചതോടെ 14 വോട്ടുകള്‍ നേടി സിപിഎമ്മിലെ സബീന ബിഞ്ചു ചെയര്‍പേഴ്സണായി. അന്തിമ റൗണ്ടില്‍ മുസ്ലീംലീഗിലെ നാല് അംഗങ്ങള്‍ ഇടത് സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്തു. കോണ്‍ഗ്രസ് സ്ഥാനാർത്ഥി കെ ദീപക്കിന് 10 വോട്ടാണ് ലഭിച്ചത്.
അഴിമതി ആരോപണത്തെ തുടർന്ന് സനീഷ് ജോർജ് രാജി വെച്ചതോടെ തുടങ്ങിയതാണ് നഗരസഭയിലെ അനിശ്ചിതാവസ്ഥ. ചെയർമാൻ സ്ഥാനാർഥി ആരാവണം എന്നതിനെ ചൊല്ലി അവസാന നിമിഷം വരെ യുഡിഎഫിൽ അവ്യക്തതയായിരുന്നു. തുടർന്ന് കോൺഗ്രസും ലീഗും വെവ്വേറെ സ്ഥാനാർത്ഥികളെ നിർത്തുകയായിരുന്നു. മുസ്ലിം ലീഗിന് ചെയർമാൻ സ്ഥാനം നൽകാം എന്നായിരുന്നു നേരത്തെ ഉണ്ടായിരുന്ന ധാരണ.
എന്നാല്‍ ഇന്ന് കോണ്‍ഗ്രസ് സ്ഥാനാർത്ഥിയെ നിര്‍ത്തിയതോടെ കൗണ്‍സിലിനകത്തും പുറത്തും കോണ്‍ഗ്രസ് ലീഗ് പ്രവര്‍ത്തകര്‍ തമ്മില്‍ ഉന്തും തള്ളുമായി. ചെയര്‍മാന്‍ സ്ഥാനത്തേക്ക് നാലുസ്ഥാനാർത്ഥികള്‍ വന്നതോടെ തിരഞ്ഞെടുപ്പ് മൂന്നുറൗണ്ട് നീണ്ടു.
എല്‍ഡിഎഫില്‍ നിന്ന് സബീന ബിഞ്ചു, കോണ്‍ഗ്രസ് അംഗം കെ ദീപക്ക്, മുസ്ലിം ലീഗ് അംഗം എം എ കരീം ബിജെപി അംഗം ജിനേഷ് ഇഞ്ചക്കാട്ട് എന്നിവരാണ് നാമനിര്‍ദേശ പത്രിക നല്‍കിയത്. ആദ്യ റൗണ്ടില്‍ എല്‍ഡിഎഫിന് 10 ഉം കോണ്‍ഗ്രസിന് 7ഉം ലീഗിന് 6ഉം ബിജെപിക്ക് 8ഉം വോട്ടുകള്‍ ലഭിച്ചു. ഒരു വോട്ട് അസാധുവായി.
എറ്റവും കുറവ് വോട്ട് ലഭിച്ച ലീഗ് സ്ഥാനാർത്ഥി ആദ്യ റൗണ്ടില്‍ പുറത്തായി. തുടര്‍ന്ന് എല്‍ഡിഎഫും കോണ്‍ഗ്രസും ബിജെപിയും തമ്മിലായി മത്സരം. രണ്ടാം റൗണ്ടില്‍ എല്‍ഡിഎഫിന് 10 ഉം കോണ്‍ഗ്രസിന് 9ഉം ബിജെപിക്ക് 8ഉം വോട്ടുകള്‍ ലഭിച്ചു. അതോടെ എറ്റവും കുറവ് വോട്ടുകിട്ടിയ ബിജെപി സ്ഥാനാർത്ഥി പുറത്തായി.
നാടകീയ സംഭവങ്ങളാണ് മൂന്നാംറൗണ്ടില്‍ അരങ്ങേറിയത്. ലീഗിലെ 4 അംഗങ്ങള്‍ പിന്തുണച്ചതോടെ എല്‍ഡിഎഫിന് 14 വോട്ടുകള്‍ ലഭിച്ചു. കോണ്‍ഗ്രസിന് ലഭിച്ചതാകട്ടെ 10 വോട്ടും. എല്‍ഡിഎഫ് സ്വതന്ത്രന്‍റെ വോട്ടും കോണ്‍ഗ്രസ് സ്ഥാനാർത്ഥിക്ക് ലഭിച്ചു. ബിജെപി അംഗങ്ങള്‍ വിട്ടു നിന്നു.
കൂടുതല്‍ വോട്ടു നേടിയ എല്‍ഡിഎഫ് സ്ഥാനാർത്ഥി സബീന ബിഞ്ചു അധ്യക്ഷയായി തിരഞ്ഞെടുക്കപ്പെട്ടതോടെ മുസ്ലിം ലീഗ്- കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ വാക്കേറ്റവും ഉന്തും തള്ളുമായി. ചെയർമാൻ സ്ഥാനാർത്ഥിയെ ചൊല്ലി കോൺഗ്രസും ലീഗും തമ്മിലുള്ള തർക്കം കയ്യാങ്കളിയിലാണ് കലാശിച്ചത്.
മുസ്‌ലിം ലീഗിനെപ്പോലെ വിശ്വസ്തതയുള്ള രാഷ്ട്രീയ പങ്കാളിയെ വഞ്ചിച്ചും ഓഴിവാക്കിയും അവിഹിത ബാന്ധവത്തിലൂടെ ചെയര്‍മാന്‍ സ്ഥാനം സ്വന്തമാക്കാന്‍ കോണ്‍ഗ്രസ് നടത്തിയ നീക്കത്തിന്റെ സ്വാഭാവികമായ തിരിച്ചടിയാണ് തൊടുപുഴ നഗരസഭയിലുണ്ടായതെന്ന് മുസ് ലിം ലീഗ് ജില്ലാ കമ്മിറ്റി.
കോണ്‍ഗ്രസിന്റെ മുന്നണി മര്യാദ ലംഘനത്തില്‍ പ്രതിഷേധിച്ച് ജില്ലയില്‍ യു.ഡി.എഫുമായുള്ള സഹകരണം തല്‍ക്കാലം അവസാനിപ്പിക്കുകയാണന്ന് മുസ് ലിം ലീഗ് ജില്ലാ കമ്മിറ്റി പത്രസമ്മേളനത്തില്‍ അറിയിച്ചു.
ചെയര്‍മാന്‍ തെരഞ്ഞെടുപ്പിന്റെ തൊട്ടുമുമ്പ് വരെയും ധാരണ നിലനിര്‍ത്താന്‍ ലീഗ് ശ്രമിച്ചതാണ്
പക്ഷെ ലീഗില്ലെങ്കിലും വിജയിക്കും എന്ന ധാര്‍ഷ്ഢ്യമാണ് കോണ്‍ഗ്രസ് നേതൃത്വംപ്രകടിപ്പിച്ചത്.
സൗഹാര്‍ദ്ദ മല്‍സരം നടത്തി അവസാനിപ്പിക്കാം എന്ന് കരുതിയ ലീഗിന്റെ നിലപാട് അവസാന റൗണ്ടില്‍ മാറേണ്ടി വന്നത് കോണ്‍ഗ്രസിന്റെയും ജോസഫ് ഗ്രൂപ്പ് കൗണ്‍സിലറുടെയും കള്ളക്കളി ബോധ്യപ്പെടുത്തുന്നതാണ്.
ഇടതു മുന്നണിയിലെ ഒരാളുടെ വോട്ടുവാങ്ങിയും ഒമ്പതാം വാര്‍ഡിലെ ലീഗ് കൗണ്‍സിലറെ വരുതിയിലാക്കിയും ഇടതുമുന്നണിയിലെ രണ്ട് പേരെ മാറ്റി നിര്‍ത്തിയും ലീഗിനെ ഒഴിവാക്കി സാമര്‍ഥ്യം കാണിച്ച് ജയിക്കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചതിന്റെ അടിസ്ഥാനത്തിലാണ് മുസ് ലിം ലീഗ് കൗണ്‍സിലര്‍മാര്‍ എല്‍ ഡി എഫിന് അനുകൂലമായി വോട്ടുചെയ്യാന്‍ കാരണമായത്.
എക്കാലവും യു ഡി എഫിന് വേണ്ടി വിട്ടുവീഴ്ച ചെയ്തിട്ടുള്ള ലീഗിന് ഈ വഞ്ചന അംഗീകരിക്കാനാവില്ല.
നഗരസഭയിലെ ചെയര്‍മാന്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സംസ്ഥാന നേതൃത്വത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്.
കോണ്‍ഗ്രസ് നേതാക്കളുടെ വില കുറഞ്ഞ ആരോപണത്തിന് മറുപടി പറയുന്നില്ല. ലീഗ് ആരുടെയും ചിലവിലല്ല കഴിയുന്നതെന്നും യുഡിഎഫ് വിജയങ്ങള്‍ക്ക് പിന്നില്‍ മുസ് ലിം ലീഗിന്റെ ശക്തമായ പ്രവര്‍ത്തനമുണ്ടന്നും നേതാക്കള്‍ പറഞ്ഞു.
പത്രസമ്മേളനത്തില്‍ മുസ് ലിം ലീഗ് ജില്ലാ പ്രസിഡന്റ് കെ എം എ ഷുക്കൂര്‍, ജന.സെക്രട്ടറി കെ എസ് സിയാദ്, ട്രഷറര്‍ ടി കെ നവാസ്, സെക്രട്ടറിമാരായ പി എന്‍ സീതി, കെ എം സലിം, മുസ്‌ലിം ലീഗ് മുനിസിപ്പല്‍ പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ എം എ കരിം എന്നിവര്‍ പങ്കെടുത്തു.

