ടിക്കറ്റില്ലാതെ യാത്ര : നടപടി കടുപ്പിച്ചു റെയിൽവേ
ചെന്നൈ : കഴിഞ്ഞ വർഷം ടിക്കറ്റില്ലാതെ യാത്ര ചെയ്ത 6.27 ലക്ഷം കേസുകള് പിടികൂടിയതായി സൌത്ത് വെസ്റ്റേണ് റെയിൽവേ. 2023 ഏപ്രിൽ മുതൽ ഡിസംബർ വരെയുളള കാലയളവിലെ കണക്കാണിത്. ഇതുവഴി പിഴയിനത്തിൽ 46 കോടി രൂപ ലഭിച്ചതായും റെയിൽവേ അറിയിച്ചു. ബെംഗളുരു ഡിവിഷനിൽ നിന്നു മാത്രം 3.68 ലക്ഷം കേസുകളും 28 കോടി രൂപ ഫൈനും ലഭിച്ചിട്ടുള്ളത്. ടിക്കറ്റില്ലാതെ യാത്ര ചെയ്യുന്നവരെ പിടികൂടുന്നതിലെ ജീവനക്കാരും ഊർജ്ജിതമായി പ്രവർത്തിക്കുന്നുവെന്നാണ് റെയിൽവേ വിശദമാക്കിയത്.
മുന്‍ വർഷത്തേക്കാൾ പിടികൂടുന്ന കേസുകളിൽ 9.95 ശതമാനം വർധനയുണ്ടെന്നാണ് റെയിൽവേ വിശദമാക്കുന്നത്. 2023 ഡിസംബർ മാസത്തിൽ മാത്രം 72041 കേസുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. നീതിപൂർവ്വമുള്ള ടിക്കറ്റ് വിതരണത്തിനുള്ള അവസരം ഒരുക്കുന്നതിനും വരുമാനം വർധിപ്പിക്കുന്നതും ലക്ഷ്യമിട്ടാണ് പരിശോധന കർശനമാക്കിയിട്ടുള്ളതെന്നും റെയിൽവേ വിശദമാക്കി.
കൊങ്കണ്‍ റെയിൽവേയുടെ കർശന പരിശോധനയിൽ മൂന്ന് മാസത്തിനുള്ളിൽ 5.66 കോടി രൂപയാണ് പിഴയിനത്തിൽ ഈടാക്കിയത്. 2023 ഡിസംബറിൽ മാത്രമായി 19564926 രൂപയാണ് കൊങ്കണ്‍ റെയിൽവേ പിഴയായി ഈടാക്കിയത്. 6675 യാത്രക്കാരാണ് ഇവിടെ ടിക്കറ്റില്ലാതെ യാത്ര ചെയ്യുന്നതായി കണ്ടെത്തിയത്. മൂന്ന് മാസത്തിനുള്ളിൽ 18446 യാത്രക്കാരിൽ നിന്ന് ടിക്കറ്റില്ലാതെ സഞ്ചരിച്ചതിന് കൊങ്കണ്‍ റെയിൽവേ ഈടാക്കിയത് 56699017 രൂപയാണ്.