BreakingHealthKerala

ഡയാലിസിസിന് വിധേയരായ രണ്ട് രോഗികൾ മരിച്ചു.

ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ ഡയാലിസിസിന് വിധേയരായ രണ്ട് രോഗികൾ മരിച്ചു. കായംകുളം പുതുക്കാട് സ്വദേശി മജീദ് (53), ഹരിപ്പാട് സ്വദേശി രാമചന്ദ്രൻ (60) എന്നിവരാണ് മരിച്ചത്. ഡയാലിസിസിനിടെ വിറയലും ഛർദ്ദിയും ഉണ്ടായ രണ്ട് പേർ ചികിത്സയിൽ തുടരുകയാണ്. അണുബാധയേറ്റതാണ് മരണകാരണമെന്നാണ് ബന്ധുക്കളുടെ ആരോപണം. പരാതിക്ക് പിന്നാലെ ഡയാലിസിസ് യൂണിറ്റ് അടച്ചുപൂട്ടി. സംഭവത്തിൽ ആരോഗ്യമന്ത്രി വീണാ ജോർജ് റിപ്പോർട്ട് തേടി.

ആശുപത്രിയിൽ നിന്നാണോ പുറത്ത് നിന്ന് എവിടെ നിന്നെങ്കിലുമാണോ രോഗികൾക്ക് അണുബാധ ഉണ്ടായതെന്ന് പരിശോധിക്കുമെന്ന് താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. അരുൺ ജേക്കബ് വ്യക്തമാക്കി.

ആശുപത്രിയിൽ നിന്ന് അണുബാധ ഉണ്ടാകാനാണെങ്കിൽ ഡയാലിസിസിന് ഉപയോഗിക്കുന്ന വെള്ളം, മെഷീൻ എന്നിവയിൽ നിന്നായിരിക്കുമെന്നും അത് എല്ലാ മാസവും പരിശോധിക്കാറുണ്ടെന്നും സൂപ്രണ്ട് പറഞ്ഞു. സംഭവത്തിന് ശേഷം വീണ്ടും പരിശോധന നടത്തി. രണ്ട് റിപ്പോർട്ടിലും നെഗറ്റീവായിരുന്നു റിസൾട്ട്.
ഒരു രോഗി മാത്രമാണ് ഇപ്പോൾ ചികിത്സയിലുള്ളത്. ബാക്കിയുള്ളവരുടെയെല്ലാം ആരോഗ്യസ്ഥിതി തൃപ്തികരമാണെന്നും സൂപ്രണ്ട് വ്യക്തമാക്കി.

മരിച്ച രണ്ട് പേരും ദീർഘകാലമായി വൃക്കരോഗത്തിന് ചികിത്സയിലായിരുന്നു. ഡയാലിസിസിന് ശേഷമുണ്ടായ സങ്കീർണതകളാണ് മരണത്തിലേക്ക് നയിച്ചതെന്ന് പ്രാഥമിക നിഗമനമുണ്ട്. എന്നാൽ കൃത്യമായ കാരണം അന്വേഷണത്തിന് ശേഷം മാത്രമേ വ്യക്തമാകൂ.


Leave a Reply

Your email address will not be published. Required fields are marked *