ഉദയനിധി സ്റ്റാലിൻ തമിഴ്നാട് ഉപമുഖ്യമന്ത്രി; സെന്തിൽ ബാലാജി വീണ്ടും മന്ത്രിസഭയിൽ
ഉദയനിധിയെ മുൻപന്തിയിലേക്കു കൊണ്ടുവരുന്നതുവഴി, വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിനു പാർട്ടിയെ സജ്ജമാക്കുക എന്ന ലക്ഷ്യവും ഡിഎംകെയ്ക്കുണ്ട്.
ചെന്നൈ : ഉദയനിധി സ്റ്റാലിൻ തമിഴ്നാട് ഉപമുഖ്യമന്ത്രിയാകുന്നു. മുൻപ് അഴിമതി ആരോപണത്തിന്റെ പേരിൽ രാജി വച്ച സെന്തിൽ ബാലാജി വീണ്ടും മന്ത്രിസഭയിൽ തിരികെ എത്തുന്നു ഡിഎംകെ ഭരണത്തിലെത്തി ഒന്നര വർഷം പൂർത്തിയായതിനു പിന്നാലെ മന്ത്രിസഭയിലെത്തിയപ്പോൾ തന്നെ ഉദയനിധി സ്റ്റാലിൻ ശക്തമായ സാനിധ്യമായിരുന്നു. മൂന്നുവർഷം പിന്നിട്ട ഡിഎംകെ സർക്കാർ ഇപ്പോൾ ഉദയനിധി സ്റ്റാലിനെ തമിഴ്നാട് ഉപമുഖ്യമന്ത്രിയാക്കുന്നു തിരക്കിട്ടു മകനെ ‘അധികാരത്തിന്റെ വലിയ കസേര’കളിൽ ഇരുത്തിയാൽ അതു പാർട്ടിയുടെയും തന്റെയും പ്രതിച്ഛായയ്ക്ക് ഇടിവുണ്ടാക്കുമെന്ന ആശങ്കയാണ് മുഖ്യമന്ത്രി എം.കെ.സ്റ്റാലിനെ ആദ്യം പിന്നോട്ടു വലിച്ചത്.
എന്നാൽ, പാർട്ടിക്കുള്ളിൽ ഉയർന്നു വന്ന പിന്തുണയും ലോക്സഭാ തിരഞ്ഞെടുപ്പിൽ പാർട്ടിക്ക് ഉദയനിധി കരുത്തായതും കണക്കിലെടുത്താണ് ഇൗ തീരുമാനം. നഗരത്തിനുള്ളിലെ ചെപ്പോക്ക് മണ്ഡലത്തിൽ നിന്ന് ആദ്യമായി നിയമസഭയിലെത്തിയ ഉദയനിധി 2022 ഡിസംബറിലാണു മന്ത്രിയായത്. ഉദയനിധിയെ മുൻപന്തിയിലേക്കു കൊണ്ടുവരുന്നതുവഴി, വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിനു പാർട്ടിയെ സജ്ജമാക്കുക എന്ന ലക്ഷ്യവും ഡിഎംകെയ്ക്കുണ്ട്. അർഹതയ്ക്കുള്ള അംഗീകാരമാണ് ഉദയനിധിയുടെ പുതിയ സ്ഥാനമെന്നു ഡിഎംകെ നേതാക്കൾ വിലയിരുത്തുന്നു.