BreakingCrimeKerala

വയനാട്ടിൽ പുഴയില്‍ ചാടി യുവാവ് ആത്മഹത്യ ചെയ്ത സംഭവം; അന്വേഷണം ക്രൈം ബ്രാഞ്ചിന്

പോക്സോ കേസിൽ പെടുത്തിയെന്ന് ആരോപിച്ച് ഫേസ്ബുക്കിൽ വീഡിയോ പോസ്റ്റ് ചെയ്ത ശേഷം
വയനാട് പനമരത്ത് പുഴയില്‍ ചാടി യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവ്. വയനാട് എസ്.പിയാണ് ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ടത്. വയനാട് പനമരത്തെ ആദിവാസി യുവാവ് രതിനാണ് ആത്മഹത്യ ചെയ്തത്. പോലീസ് കള്ളക്കേസില്‍ കുടുക്കിയെന്നാരോപിച്ചായിരുന്നു രതിന്‍ ആത്മഹത്യ ചെയ്തത്.

സംഭവത്തില്‍ പൊലീസിനെതിരായ ആരോപണങ്ങളും അന്വേഷിക്കും. ഇതിന്‍റെ ഭാഗമായി വകുപ്പുതല പ്രാഥമിക അന്വേഷണവും തുടങ്ങി. പൊതുസ്ഥലത്ത് വെച്ച് പ്രശ്നമുണ്ടാക്കിയെന്ന് ആരോപിച്ച് കമ്പളക്കാട് പൊലീസ് രതിനെതിരെ എടുത്ത കേസ് ആയിരിക്കും ക്രൈംബ്രാഞ്ച് അന്വേഷിക്കുക.

പോക്സോ കേസിൽ പെടുത്തുമെന്ന് കമ്പളക്കാട് പൊലീസ് ഭീഷണിപ്പെടുത്തിയെന്ന ബന്ധുക്കളുടെ പരാതിയിൽ കൽപ്പറ്റ ഡിവൈഎസ്പിയുടെ നേതൃത്വത്തിലായിരിക്കും വകുപ്പ്തല അന്വേഷണം നടക്കുക. സംഭവത്തിൽ സ്പെഷ്യൽ ബ്രാഞ്ച് അന്വേഷണം നടത്തിയതിന് പിന്നാലെയാണ് നടപടി. രണ്ട് അന്വേഷണത്തിനും എസ്പിയാണ് ഉത്തരവിട്ടിരിക്കുന്നത്. ബന്ധുക്കളുടെ പരാതി മാധ്യമങ്ങളിലൂടെ അടക്കം ശ്രദ്ധയിൽപ്പെട്ട സാഹചര്യത്തിൽ സ്വമേധയ ആണ് അന്വേഷണമെന്ന് എസ് പി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *