നഴ്‌സുമാർ വീണ്ടും സമരത്തിലേക്ക്
തൃശ്ശൂർ: സ്വകാര്യ ആശുപത്രി മേഖലയിലെ നഴ്‌സുമാർ ഉൾപ്പെടെയുള്ള ജീവനക്കാർ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സംസ്ഥാന വ്യാപകമായി ശനിയാഴ്ച പണിമുടക്കിന് ആഹ്വാനം ചെയ്തു.യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്റെ (യു.എൻ.എ.) നേതൃത്വത്തിലാണ് സൂചനാ പണിമുടക്ക്. പണിമുടക്കിന്റെ ഭാഗമായി തൃശ്ശൂരിൽ അവകാശ പ്രഖ്യാപന സമ്മേളനവും സംഘടിപ്പിക്കും..അതിജീവനത്തിനായുള്ള പോരാട്ടം’ എന്ന മുദ്രാവാക്യമുയർത്തിയാണ് നഴ്‌സുമാരും മറ്റ് ആശുപത്രി ജീവനക്കാരും സമരം നടത്തുന്നത്. തുല്യജോലിക്ക് തുല്യ വേതനം, നഴ്‌സുമാർക്ക് അടിസ്ഥാന ശമ്പളം 40,000 രൂപയാക്കുക, മറ്റു ആശുപത്രി ജീവനക്കാർക്ക് ആനുപാതികമായ ശമ്പള വർധന, യു.ജി.സി. സ്‌കെയിൽ ശമ്പളം നടപ്പിലാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം.

