BreakingIndiaNRI News

ഞങ്ങൾ ഇടപെടാൻ പോകുന്നില്ല.യുഎസ്

വാഷിങ്ടൻ∙ ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള സംഘർഷം അടിസ്ഥാനപരമായി തങ്ങളുടെ കാര്യമല്ലെന്ന് യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി.വാൻസ്. ‘‘സംഘർഷം അൽപം കുറയ്ക്കാൻ ആളുകളെ പ്രോത്സാഹിപ്പിക്കുക എന്നതാണ് നമുക്ക് ചെയ്യാൻ സാധിക്കുക. പക്ഷേ അടിസ്ഥാനപരമായി ഞങ്ങളുടെ കാര്യമല്ലാത്തതും അമേരിക്കയ്ക്ക് നിയന്ത്രിക്കാൻ സാധിക്കാത്തതുമായ യുദ്ധത്തിൽ ഞങ്ങൾ ഇടപെടാൻ പോകുന്നില്ല. ഇന്ത്യക്കാരോട് ആയുധം താഴെ വയ്ക്കാൻ അമേരിക്കയ്ക്ക് പറയാനാവില്ല, അതുപോലെ തന്നെ പാക്കിസ്ഥാനികളോടും പറയാനാവില്ല. അതിനാൽ നയതന്ത്ര മാർഗങ്ങളിലൂടെ ഞങ്ങൾ ഇക്കാര്യങ്ങൾ തുടരും.’’– ഫോക്സ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ ജെ.ഡി.വാൻസ് പറഞ്ഞു. ഇതൊരു ഒരു വലിയ യുദ്ധത്തിലേക്കോ ആണവ സംഘർഷത്തിലേക്കോ നീങ്ങില്ലെന്നാണ് പ്രതീക്ഷയെന്നും ദൈവം അതു വിലക്കട്ടെയെന്നും വാൻസ് കൂട്ടിച്ചേർത്തു. ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂറിനു ശേഷം പാക്ക് പ്രകോപനം തുടരുന്നതിനിടെയാണ് യുഎസ് വൈസ് പ്രസി‍ഡന്റിന്റെ പ്രസ്താവന പുറത്തു വരുന്നത്. 
ഇന്ത്യ–പാക്കിസ്ഥാൻ സംഘർഷത്തെ ‘നാണക്കേട്’ എന്നാണ് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് കഴിഞ്ഞദിവസം വിശേഷിപ്പിച്ചത്. ‘ഓപ്പറേഷൻ സിന്ദൂർ’ പൂർത്തിയായി മിനിറ്റുകൾക്കുള്ളിലായിരുന്നു ട്രംപിന്റെ പ്രതികരണം. ‘എന്തോ നടക്കാൻ പോകുന്നുവെന്ന് എല്ലാവർക്കും അറിയാമായിരുന്നുവെന്നാണ് തോന്നുന്നത്. അവർ തമ്മിൽ (ഇന്ത്യയും പാക്കിസ്ഥാനും) പതിറ്റാണ്ടുകളായി പോരടിക്കുകയാണ്. ഇതുടനെ അവസാനിക്കുമെന്നാണു പ്രതീക്ഷിക്കുന്നത്’– ട്രംപ് പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *