രക്ഷാദൗത്യത്തിൽ വീണ്ടും പ്രതിസന്ധി
തൊഴിലാളികളെ പുറത്തെത്തിക്കാനുള്ള രക്ഷാദൗത്യത്തിൽ നേരിയ പ്രതിസന്ധിയുണ്ടായി.ഡ്രില്ലിങ് മെഷീൻ ഇരുമ്പ് പാളിയിൽ ഇടിക്കുകയായിരുന്നു
ഉത്തരകാശി: സിൽക്യാര തുരങ്കത്തിൽ അകപ്പെട്ട 41 തൊഴിലാളികളെ പുറത്തെത്തിക്കുന്നതിന് വേണ്ടിയുള്ള ശ്രമങ്ങൾ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.അതിനിടെ തൊഴിലാളികളെ പുറത്തെത്തിക്കാനുള്ള രക്ഷാദൗത്യത്തിൽ നേരിയ പ്രതിസന്ധിയുണ്ടായി.ഡ്രില്ലിങ് മെഷീൻ ഇരുമ്പ് പാളിയിൽ ഇടിക്കുകയായിരുന്നു. എന്നാൽ എൻഡിആർഎഫ് സംഘം യന്ത്രം നന്നാക്കാനുള്ള ശ്രമം തുടരുകയാണ്. ഇരുമ്പ് പാളി മുറിച്ചുമാറ്റാനും ശ്രമിക്കുകയാണ്. രക്ഷാപ്രവർത്തനത്തിൽ പ്രതിസന്ധി നേരിട്ട സാഹചര്യത്തിൽ രക്ഷാപ്രവർത്തനം വൈകുമെന്നാണ് സൂചന.
11 ദിവസമായി കുടുങ്ങിക്കിടക്കുന്ന തൊഴിലാളികളുടെ അവസ്ഥ വളരെ ഭീകരമായ് തുടരുകയാണ് . അവരുടെ മാനസികവും ശാരീരികവുമായ ബുദ്ധിമുട്ടുകൾ പരിഗണിച്ചു കൊണ്ടാണ് രക്ഷാപ്രവർത്തനം തുടരുന്നത്. അതിനാൽ, മണിക്കൂറിൽ 5 മീറ്റർ വരെ തുരക്കാൻ കഴിയുന്ന ഓഗർ മെഷീൻ ഉപയോഗിച്ചാണ് സിൽക്യാര തുരങ്ക കവാടത്തിൽ രക്ഷാ പ്രവർത്തനം നടത്തുന്നത്. 90 സെൻ്റിമീറ്റർ വ്യാസമുള്ള പൈപ്പ് സ്ഥാപിക്കുന്നത് തടസപ്പെട്ട സാഹചര്യത്തിൽ 80 സെൻ്റിമീറ്റർ വ്യാസമുള്ള പൈപ്പ് ടെലിസ്കോപ്പിക് രീതിയിൽ കടത്തിവിട്ടാണ് ഇന്ന് ദൗത്യം വീണ്ടും പുനരാരംഭിച്ചത്. ഇത് വരെ 40 മീറ്റർ ദൈർഘ്യത്തിൽ തൊഴിലാളികളെ പുറത്ത് എത്തിക്കാനുള്ള പൈപ്പ് സ്ഥാപിക്കുന്ന ജോലികൾ പൂർത്തിയായി കഴിഞ്ഞു . ശേഷിക്കുന്ന 15 മീറ്റർ ദൂരം തുരന്ന് ഇന്ന് തന്നെ തൊഴിലാളികൾക്ക് അടുത്തേക്ക് പൈപ്പ് സ്ഥാപിക്കാനാണ് രക്ഷാപ്രവർത്തകർ ശ്രമിക്കുന്നത്.
.
ഡ്രില്ലിങ്ങ് യന്ത്രത്തിന്റെ ബ്ലേഡ് തകരാറിലായത് പരിഹരിക്കാൻ ശ്രമം തുടരുകയാണ്.ഇരുമ്പ് പാളിയിൽ ഇടിച്ച് ചളുങ്ങിയ 800 മില്ലീ മീറ്റർ പൈപ്പ് മുറിച്ചുനീക്കേണ്ടതുണ്ട്. കുടുങ്ങിക്കിടക്കുന്നവരുള്ള ഇടത്തേക്ക് എത്താൻ പത്ത് മീറ്ററോളം പൈപ്പ് മാത്രമാണ് ഇനി ഇടാനുള്ളത്.
അതേസമയം, തൊഴിലാളികളെ രക്ഷിക്കാനുള്ള ഒരുക്കങ്ങൾ പുറത്ത് പൂർത്തിയായിരിക്കുകയാണ്. രക്ഷപ്പെടുത്തുന്ന തൊഴിലാളികൾക്കായി 41 കിടക്കകളുള്ള ആശുപത്രി സജ്ജമാക്കിയിട്ടുണ്ട്. ഉത്തരകാശിയിൽ ടണലിനടുത്തുള്ള ചിന്യാലിസൗറിലാണ് ആശുപത്രി സജ്ജീകരിച്ചത്. വൈദ്യപരിശോധന ഇവിടെ പൂർത്തിയാക്കുമെന്ന് അധികൃതർ അറിയിച്ചു. ചിന്യാലിസൗറിലെ സാമൂഹിക ആരോഗ്യ കേന്ദ്രത്തിലാണ് ആശുപത്രി സജ്ജീകരിച്ചിരിക്കുന്നത്.