സിപിഎം നെ കടന്നാക്രമിച്ചു വെള്ളാപ്പള്ളി നടേശൻ.
ചേർത്തല∙ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനു സംസ്ഥാന രാഷ്ട്രീയത്തിലെ യാഥാർഥ്യങ്ങൾ അറിഞ്ഞു പ്രവർത്തിക്കാൻ അറിയില്ലെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ഗുരുനാരായണ ധർമസമന്വയ ശിബിരവും ഗുരുപൂർണിമാഘോഷവും ചേർത്തലയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
‘‘വള്ളം മുങ്ങാൻ നേരത്ത് കിളവിയെ പിടിച്ചു വെള്ളത്തിലിട്ടു രക്ഷപെടാൻ ശ്രമിക്കുന്ന ശൈലിയാണ് സിപിഎം ഇപ്പോൾ സ്വീകരിക്കുന്നത്. കോടിയേരി ബാലകൃഷ്ണൻ പാർട്ടി സെക്രട്ടറിയായിരുന്നപ്പോൾ എല്ലാ സമുദായങ്ങളെയും സമന്വയിപ്പിച്ചു കൊണ്ടുപോകാൻ കഴിഞ്ഞിട്ടുണ്ട്.
‘‘എം.വി. ഗോവിന്ദൻ സിപിഎം സംസ്ഥാന സെക്രട്ടറിയായതിനു ശേഷമാണു എസ്എൻഡിപി യോഗത്തെയും ശ്രീനാരായണ പ്രസ്ഥാനങ്ങളെയും കടന്നാക്രമിക്കുന്നത്. എസ്എൻഡിപി യോഗം എന്താണെന്നും അതിന്റെ ശൈലി എന്താണെന്നും പ്രവർത്തനം എന്താണെന്നും എം.വി. ഗോവിന്ദന് അറിയില്ല. രാഷ്ട്രീയമായ വീതംവയ്പ്പിൽ ഈഴവാദി പിന്നാക്ക വിഭാഗങ്ങൾ തഴയപ്പെട്ടു. ഈ സത്യം വിളിച്ചുപറയുന്നതുകൊണ്ടാണ് എന്നെ ആക്രമിക്കാൻ ശ്രമിക്കുന്നത്’’ – വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.