BreakingCrimeKerala

വിനീതയെ (38) കുത്തി കൊലപ്പെടുത്തിയ കേസ്.വിധി കാത്ത് നാട്

തിരുവനന്തപുരം ∙ പേരൂർക്കട അമ്പലമുക്കിലെ അലങ്കാര ചെടി വിൽപന ശാലയിലെ ജീവനക്കാരി നെടുമങ്ങാട് കരിപ്പൂർ സ്വദേശിനി വിനീതയെ (38) കുത്തി കൊലപ്പെടുത്തിയ കേസിൽ തിരുവനന്തപുരം ഏഴാം അഡിഷനൽ സെഷൻസ് ജഡ്ജി പ്രസൂൺ മോഹൻ നാളെ വിധി പറയും. തമിഴ്നാട് കന്യാകുമാരി ജില്ലയിലെ തോവാള വെള്ളമടം രാജീവ് നഗറിൽ ഡാനിയൽ മകൻ രാജേന്ദ്രനാണ് (40) കേസിലെ പ്രതി.
2022 ഫെബ്രുവരി ആറിന് പട്ടാപ്പകലായിരുന്നു സംഭവം. അലങ്കാരച്ചെടി കടയ്ക്കുള്ളിൽ വച്ച് രാജേന്ദ്രൻ വിനീതയെ കുത്തിക്കൊലപ്പെടുത്തി എന്നാണ് കേസ്. വിനീതയുടെ കഴുത്തിൽ കിടന്ന നാലര പവൻ തൂക്കമുള്ള സ്വർണമാല കവരുന്നതിനായിരുന്നു കൊലപാതകം. ഓൺലൈൻ സ്റ്റോക്ക് മാർക്കറ്റിൽ പണം നിക്ഷേപിച്ചിരുന്ന രാജേന്ദ്രൻ പണത്തിന് ആവശ്യം വരുമ്പോൾ കൊലപാതകങ്ങൾ നടത്തുകയായിരുന്നു. സമാനരീതിയിൽ രാജേന്ദ്രൻ തമിഴ്നാട് വെള്ളമഠം സ്വദേശിയും കസ്റ്റംസ് ഓഫിസറുമായ സുബ്ബയ്യൻ, ഭാര്യ വാസന്തി, ഇവരുടെ 13 വയസ്സുകാരിയായ വളർത്തു മകൾ അഭിശ്രീ എന്നിവരെയും കൊലപ്പെടുത്തി സ്വർണവും പണവും കവർന്നിരുന്നു. ഈ കേസിൽ ജാമ്യത്തിലിറങ്ങി ഹോട്ടൽ തൊഴിലാളിയായി പേരൂർക്കടയിലെത്തിയ രാജേന്ദ്രൻ അമ്പലമുക്കിലെ കടയിലെ ജീവനക്കാരി വിനീതയെ കൊലപ്പെടുത്തുകയായിരുന്നു.ഇരയ്ക്ക് ഒന്നു നിലവിളിക്കാൻ പോലും കഴിയാത്ത രീതിയിൽ സ്വനപേടകത്തിൽ ആഴത്തിൽ മുറിവ് ഉണ്ടാക്കുന്നതാണു രാജേന്ദ്രന്റെ കൊലപാതക രീതി. സമാന രീതിയിലാണ് വെള്ളമഠം സ്വദേശി സുബയ്യനെയും കുടുംബത്തെയും കൊലപ്പെടുത്തിയത്. തമിഴ്നാട്ടിലെ ഫൊറൻസിക് വിദഗ്ധരെയും പൊലീസ് ഉദ്യോഗസ്ഥരെയും സാക്ഷികളായി കോടതിയിൽ വിസ്തരിച്ചിരുന്നു.
വിനീതയെ കൊലപ്പെടുത്തിയ ശേഷം തമിഴ്നാട്ടിലെ കാവൽ കിണറിനു സമീപത്തെ ലോഡ്ജിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ ഫെബ്രുവരി 11ന് പേരൂർക്കട സിഐ വി.സജികുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം കസ്റ്റഡിയിലെടുത്തു. സമീപത്തെ സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ പ്രതി പണയം വച്ചിരുന്ന വിനീതയുടെ സ്വർണമാല പൊലീസ് കണ്ടെടുത്തിരുന്നു. ദൃക്സാക്ഷികൾ ഇല്ലാതിരുന്ന കേസിൽ ശാസ്ത്രീയ, സാഹചര്യ തെളിവുകളെ മാത്രം ആശ്രയിച്ച പ്രോസിക്യൂഷൻ 118 സാക്ഷികളിൽ 96 പേരെ സാക്ഷികളായി വിസ്തരിച്ചു. പ്രതിയുടെ സഞ്ചാരം വ്യക്തമാക്കുന്നതിന് സിസിടിവി ദൃശ്യങ്ങൾ അടങ്ങിയ 12 പെൻഡ്രൈവ്, 7 ഡിവിഡി എന്നിവയും 222 രേഖകളും പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കി.

Leave a Reply

Your email address will not be published. Required fields are marked *