വിസ സേവനങ്ങള്‍ നിര്‍ത്തലാക്കിയ നടപടിക്കെതിരെ പ്രതിഷേധം ശക്തം
ടോറന്റോ : ഇന്ത്യ-കാനഡ ബന്ധം കൂടുതല്‍ വഷളായിക്കൊണ്ടിരിക്കുന്നതിനിടെ കനേഡിയന്‍ പൗരന്മാര്‍ക്ക് വിസ സേവനങ്ങള്‍ നിര്‍ത്തലാക്കിയ നടപടിക്കെതിരെ പ്രതിഷേധം ശക്തമാകുന്നു . വിദേശകാര്യ മന്ത്രാലയത്തിന്റെ നടപടി കനേഡിയന്‍ പൗരത്വം സ്വീകരിച്ച ഇന്ത്യക്കാരെ ഗുരുതരമായി ബാധിക്കുമെന്ന് പഞ്ചാബ് പിസിസി അധ്യക്ഷന്‍ അമരീന്ദര്‍ സിംഗ് രാജാവാറിങ് പ്രതികരിച്ചു.
ഇന്ത്യയും കാനഡയും തമ്മിലുള്ള പ്രശ്‌നങ്ങള്‍ എത്രയും വേഗം പരിഹരിക്കണമെന്ന നിലപാടിലാണ് പഞ്ചാബ് കോണ്‍ഗ്രസ്. ‘ഖലിസ്ഥാന്‍ എന്ന ആശയത്തെ ശക്തമായി എതിര്‍ക്കുകയും ദേശവിരുദ്ധ ശക്തികള്‍ക്കെതിരെ പോരാട്ടം നടത്തുകയും ചെയ്യുമ്പോള്‍ നമ്മുടെ യുവാക്കളെ ദേശവിരുദ്ധരായി മുദ്രകുത്തുന്നതിനിടെ ഞങ്ങള്‍ എതിര്‍ക്കുകയാണ് ചെയ്യുന്നത്. എന്നാല്‍ പഞ്ചാബികള്‍ക്കെതിരായി ചിലര്‍ നടത്തുന്ന പ്രചാരണം അങ്ങേയറ്റം അപലപനീയമാണ്. ഇത്തരം ദുരുദ്ദേശപരമായ ശ്രമങ്ങള്‍ ചെറുക്കപ്പെടണം’. പിസിസി അധ്യക്ഷന്‍ പ്രതികരിച്ചു.ഇന്ത്യ കാനഡ ബന്ധം വഷളാകുന്നത്തോടെ പ്രതിസന്ധിയിലാവുന്നത് ആയിരക്കണക്കിന് മലയാളി കുടുംബങ്ങളുമാണ് .വിദ്യാഭ്യാസത്തിനും ജോലിക്കുമായി കാനഡയിലെത്തിയിട്ടുള്ളവർ ഭീതിയോടെയാണ് കഴിയുന്നതെന്നു കാനഡയിലെ മലയാളി വിദ്യാർത്ഥികൾ വെളിപ്പെടുത്തുന്നു.

