ഞാൻ ആരാണ്
അഡ്വ : സൗമ്യ മായാദാസ്
അസ്ത്രശസ്ത്രങ്ങളാൽ ഛേദിക്കുവാൻ കഴിയാത്തതും അഗ്നിയിൽ ദഹിക്കാത്തതും ജലത്തിൽ ലയിക്കാത്തതും കാറ്റേറ്റ് ഉണങ്ങാത്തതുമായ ഒന്ന്, അത് ഏതാണ്? നമ്മളിലെ ബോധമായി പ്രവർത്തിക്കുന്ന അനശ്വരമായ ഒരു ഊർജ്ജബിന്ദു. ആനന്ദത്തിന്‍റെയും സ്നേഹത്തിന്‍റെയും ശാന്തിയുടെയും സ്വരൂപമായ ആത്മാവ്. അതു ഞാനാകുന്നു. ചിന്തിക്കുന്നതും സ്മരിക്കുന്നതും തീരുമാനിക്കുന്നതും ഈ ഞാൻ തന്നെ. നിറം,ഗന്ധം,സ്പർശം.കേൾവി,സ്വാദ് എന്നീ ജീവിതാനുഭവങ്ങളെ അറിയുന്നവൻ ഞാൻ (ആത്മാവ്) തന്നെയാണ്. ഞാനൊരു സൂക്ഷമചൈതന്യമാണ്.
ഞാൻ ആരാണ്?
ഞാൻ ആരാണ് എന്ന ചോദ്യത്തിനുള്ള സാമാന്യ മനുഷ്യന്‍റെ ഉത്തരങ്ങൾ – ഞാൻ പുരുഷനാണ്, സ്ത്രീയാണ്. ഞാൻ മനുഷ്യനാണ്. ഞാൻ ഭാര്യയാണ്. ഞാൻ മാതാവാണ് ,പിതാവാണ്. ഞാൻ പോലീസാണ്. ഞാൻ കർഷകനാണ്. ഞാൻ മലയാളിയാണ്. ഞാൻ ഇന്ത്യക്കാരനാണ്. ഞാൻ ഹിന്ദുവാണ്, മുസ്ലീമാണ്….ഇങ്ങനെ ഉത്തരങ്ങളുടെ പട്ടിക നീളുന്നു.വാസ്തവത്തിൽ ഇതെന്തെങ്കിലുമാണോ ഞാൻ. അതോ ജീവിത മഹാനാടകത്തിൽ ഞാൻ മാറിമാറി കൈകാര്യം ചെയ്യുന്ന വ്യത്യസ്ത ഭാവാഭിനയങ്ങൾ മാത്രമാണോ ഇത്. ഭാര്യയോ പിതാവോ വക്കീലോ മലയാളിയോ എല്ലാമായി മാറുന്നതിനും മുൻപ് ഞാൻ ഉണ്ടായിരുന്നല്ലോ. അങ്ങനെയെങ്കിൽ ഈ വിവിധ വേഷങ്ങൾക്ക് ജീവൻ പകരുന്ന അഭിനേതാവാരാണ്. ഞാൻ ആരാണ് ?
ഞാൻ ആത്മാവാണ്
ഞാൻ ഒരു ആത്മചൈതന്യമാണ്. സൂക്ഷ്മാതിസൂക്ഷമമായ അദൃശ്യമായ ഒരു പ്രകാശകണമാണ് ആത്മാവ്. എന്നാൽ ഇത്രയും കാലം ഞാൻ എന്നാൽ കേവലമൊരു ഭൌതികവസ്തുവായ ശരീരമാണ് എന്നല്ലേ കരുതിയിരുന്നത് ? സ്വയം പരിശോധിക്കൂ. സ്വന്തം പ്രകാശചൈതന്യരൂപത്തെ ദർശിച്ചുനോക്കൂ. ഞാൻ മസ്തിഷ്കത്തിൽ വസിച്ചുകൊണ്ട് ശരീരത്തെ നിയന്ത്രിക്കുന്നു എന്ന് സ്വയം അനുഭവപ്പെടുകയാണെങ്കിൽ അതാണ് ആത്മാനുഭൂതി.
സ്വയം തിരിച്ചറിയാനുള്ള മാർഗം
ദേഹാഭിമാനത്തിന്‍റെ പരിധിയിൽ നിന്ന് അകന്നുനിന്നുകൊണ്ട് അവനവനെ വീക്ഷിക്കുകയാണെങ്കിൽ മാത്രമേ തന്‍റെ യഥാർഥ അസ്ഥിത്ത്വം വ്യക്തമാകൂ എന്ന് സമയാസമയങ്ങളിൽ വന്ന തത്ത്വചിന്തകൻമാർ പറഞ്ഞിട്ടുള്ള കാര്യമാണ്. യഥാർഥ എന്നെ ഞാൻ കണ്ടെത്തുമ്പോൾ ആത്മാവിൽ അന്തർലീനമായിരിക്കുന്ന ഗുണങ്ങൾ ഉണരുവാനാരംഭിക്കുന്നു. ഗുണങ്ങൾ ഉണർന്ന ആത്മാവിന്‍റെ മനസ്സും ബുദ്ധിയും സംസ്ക്കാരവും ശരീരവും കൃത്യതയോടെയും മര്യാദപൂർവ്വവും പ്രവർത്തിക്കാൻ തുടങ്ങും. അതോടെ ജീവിതത്തിൽ സമാധാനം സ്ഥിരമായി അനുഭവമാകും.