കന്യാസ്ത്രീ പട്ടം സ്വീകരിച്ച ഒരാൾക്ക് പിതാവിൻ്റെ സ്വത്തിലുള്ള അവകാശം
അഡ്വ : സൗമ്യ മായാദാസ്
എറണാകുളം :ഇന്ത്യൻ പിന്തുടർച്ചാവകാശ നിയമം പ്രകാരം സാധാരണ ഗതിയിൽ വിൽപത്രം എഴുതാതെ മാതാപിതാക്കൾ മരിക്കുമ്പോൾ മകൾക്കും സ്വത്തുവഹകളിൽ അവകാശം ഉണ്ടാകുന്നതാണ്. എന്നാൽ കന്യാസ്ത്രീ പട്ടം സ്വീകരിച്ച ഒരാളുടെ പിന്തുടർച്ച അവകാശത്തെ പറ്റി നമ്മുടെ നിയമത്തിൽ കൃത്യമായി ഒന്നും പ്രതിപ്രാദിക്കുന്നില്ല. കാര്യമായ നിയമം ഒന്നും തന്നെ ഈ വിഷയത്തിൽ നമ്മൾക്ക് ലഭ്യമല്ല. അതിനാൽ ഈ വിഷയത്തിൽ നമ്മൾക്ക് ലഭ്യമല്ല. അതിനാൽ ഈ വിഷയത്തിൽ സ്പഷ്ടത ലഭിക്കുവാനായി ഇതിനെക്കുറിച്ചുള്ള വിധിന്യായങ്ങളാണ് നമ്മൾ പരിശോധിക്കുന്നത്. കന്യാസ്ത്രീ പട്ടം സ്വീകരിച്ചു കഴിഞ്ഞാൽ കുടുംബസ്വത്തിൽ യാതൊരു പങ്കും അവർക്ക് ഉണ്ടാകില്ല എന്നും എന്നാൽ ശാശ്വത പ്രതിജ്ഞ എടുക്കുന്നതിന് മുൻപാണ് പിതാവ് മരണപ്പെട്ടതെന്ന് തെളിയിക്കുവാൻ സാധിച്ചാൽ ഒരു ഓഹരിക്ക് യോഗ്യത ഉണ്ടെന്നും സമാനമായ കേസുകളിൽ കോടതി വിധിച്ചിട്ടുണ്ട്. പ്രധാനമായും കന്യാസ്ത്രീയാകാനുള്ള പ്രക്രിയയിൽ രണ്ട് ഘട്ടങ്ങളാണുള്ളത്. തുടക്കത്തിൽ പ്രസ്തുത വ്യക്തി ഒരു താത്കാലിക പ്രതിജ്ഞ എടുക്കുകയും പിന്നീട് തൃപ്തികരമാകും രീതിയിൽ പ്രൊബേഷൻ പൂർത്തിയാകുമ്പോൾ അവർ ഒരു ശാശ്വത പ്രതിജ്ഞയെടുക്കുകയും ചെയ്യുന്നു. അതിന് ശേഷം പിതാവ് വിൽപത്രം എഴുതിവെക്കാതെ മരിക്കുന്ന സാഹചര്യത്തിൽ കന്യാസ്ത്രീക്ക് കുടുംബ സ്വത്തോ മാതാപിതാക്കളുടെ സ്വത്തോ അവകാശമാക്കാൻ പറ്റുമോ എന്നുള്ള കാര്യം ഇപ്പോഴും ഒരു വ്യക്തത ലഭിക്കാത്ത മേഖലയാണ്. 2017 ജൂൺ 7-ാം തിയ്യതി കേരള ഹൈക്കോടതി ജസ്റ്റീസ് വി. ചിദംബരേഷും ജസ്റ്റീസ് കെ രാമകൃഷ്ണനും ചേർന്ന് ഒരു വിധി പ്രസ്താവിക്കുകയുണ്ടായി. ഈ വിധിയിലൂടെ കോടതി പ്രത്യേകമായി എടുത്ത് പറഞ്ഞ കാര്യം ഇതായിരുന്നു. കന്യാസ്ത്രീ ആവാൻ പ്രതിജ്ഞ എടുത്തത് കൊണ്ട് മാത്രം അച്ഛൻ്റെ വസ്തുവിലുള്ള അവകാശം നഷ്ടപ്പെടുന്നില്ല. അതായത് അച്ചൻ പട്ടം സ്വീകരക്കുന്നത് കൊണ്ടോ കന്യാസ്ത്രീ പട്ടം സ്വീകരിക്കുന്നത് കൊണ്ടോ വിൽപത്രമെഴുതാതെ അച്ഛൻ മരിക്കുകയാണെങ്കിൽ സ്വത്തിലുള്ള അവകാശം കന്യാസ്ത്രീയായ മകൾക്കോ വൈദികനായ മകനോ നഷ്ടപ്പെടുന്നില്ല. അതേ സമയം ഇവർക്ക് വേണമെങ്കിൽ സ്വന്തം ഇഷ്ടപ്രകാരം അവകാശപ്പെട്ട സ്വത്തുവഹകൾ വേണ്ടെന്ന് വെക്കാം. കാനൻ നിയമത്തിൽ പറയുന്നത് പോലെയുള്ള പിന്തുടർച്ചാവകാശങ്ങൾ നമ്മുടെ രാജ്യത്ത് പിന്തുടർച്ചാവകാശ നിയമമുള്ളപ്പോൾ ബാധകമല്ലായെന്ന് കോടതി എടുത്ത് പറയുകയുണ്ടായി. അതായത് ഒരു സന്യാസിയുടെയോ ഒരു ക്രിസ്ത്യൻ പുരോഹിതൻ്റെയോ ഒരു കന്യാസ്ത്രീയുടെയോ കാര്യത്തിൽ അവർക്കുള്ള സ്വത്തിൻ്റെ അവകാശം ഇന്ത്യൻ പിന്തുടർച്ചാവകാശ നിയമവും, ഹിന്ദു പിന്തുടർച്ചാവകാശ നിയമ പ്രകാരവിമായിരിക്കും തീരുമാനിക്കപ്പെടുന്നത്. ഇത്തരം നിയമങ്ങൾ ഉള്ള സാഹചര്യത്തിൽ കാനൻ നിയമത്തിൽ പറയുന്ന രീതിയിലുള്ള വസ്തു കൈമാറ്റത്തിന് സാധുത ഇല്ലാതാവുന്നു. പിന്നീട് മുന്നോട്ടുള്ള സമാന്തരമായ പല കേസുകളിലും ഈ പ്രസ്തുത വിധി കോടതികൾ അനുകരിച്ചിട്ടുണ്ടു്. ചുരുക്കി പറഞ്ഞാൽ, ഇന്ത്യൻ പിന്തുടർച്ചാവകാശ നിയമപ്രകാരം ഒരു കന്യാസ്ത്രീക്ക് അവളുടെ പിതാവിൻ്റെ സ്വത്തിൽ അവകാശമുണ്ട്. അതിനാൽ കന്യാസ്ത്രീയാകാൻ പ്രതിജ്ഞയെടുത്തു എന്ന കാരണത്താൽ വിൽപത്രം എഴുതാതെ മരിച്ച പിതാവിൻ്റെ സ്വത്തിലുള്ള മകളുടെ അവകാശം നിഷേധിക്കാനാവില്ല.