അമ്മയുടെ വാട്‌സാപ്പ് സ്റ്റാറ്റസിലെ ചിരി, അടുക്കളയിലെ മൗനം
അശ്വതി
അമ്മയുടെ വാട്‌സാപ്പ് സ്റ്റാറ്റസിലെ ചിരി യഥാർത്ഥ സന്തോഷമാകണമെങ്കിൽ, അടുക്കളയിലെ മൗനം കേൾക്കാനും മനസ്സിലാക്കാനും തയ്യാറായ ഒരു കുടുംബവും സമൂഹവും നമുക്ക് ആവശ്യമുണ്ട്.
ഇന്നത്തെ സോഷ്യൽ മീഡിയ ലോകത്ത് അമ്മമാർ എല്ലായ്പ്പോഴും സന്തോഷവതികളായി തോന്നുന്നു. കുടുംബത്തോടൊപ്പം ചിരിക്കുന്ന ചിത്രങ്ങൾ, ആഘോഷ നിമിഷങ്ങൾ, മനോഹരമായ വാട്‌സാപ്പ് സ്റ്റാറ്റസുകൾ… ഇതെല്ലാം ഒരു സന്തോഷഭരിത കുടുംബത്തിന്റെ പ്രതിച്ഛായ സൃഷ്ടിക്കുന്നു.
എന്നാൽ ആ ചിത്രങ്ങളുടെ പിന്നിൽ പലപ്പോഴും കാണപ്പെടാത്ത ഒരു യാഥാർത്ഥ്യം ഉണ്ട് അടുക്കളയിലെ മൗനം, മനസ്സിലെ കലഹം.
സ്ത്രീകളുടെ ജീവിതത്തിൽ ഹോർമോൺ മാറ്റങ്ങൾ വലിയ സ്വാധീനം ചെലുത്തുന്നു. PMS, PCOS, പ്രസവാനന്തര ഹോർമോൺ വ്യതിയാനങ്ങൾ, തൈറോയിഡ് പ്രശ്നങ്ങൾ, മെനോപോസ് തുടങ്ങിയ അവസ്ഥകൾ ശരീരത്തെയും മനസ്സിനെയും ഒരുപോലെ ബാധിക്കും. ക്ഷീണം, ദുഃഖം, അസ്വസ്ഥത, ഉറക്കക്കുറവ്, ഒറ്റപ്പെടൽബോധം എന്നിവ പല സ്ത്രീകളും അനുഭവിച്ചാലും, പലപ്പോഴും അത് ‘സാധാരണ കാര്യങ്ങൾ’ എന്ന പേരിൽ അവഗണിക്കപ്പെടുന്നു.
ഇതിനിടയിൽ സോഷ്യൽ മീഡിയയിലെ ‘സന്തോഷമുള്ള കുടുംബം’ എന്ന പ്രതിച്ഛായ പല സ്ത്രീകളിലും കുറ്റബോധവും അപര്യാപ്തതാബോധവും ഉണ്ടാക്കുന്നു. സ്വന്തം ബുദ്ധിമുട്ടുകൾ തുറന്ന് പറയാൻ കഴിയാതെ വരുമ്പോൾ അവർ കൂടുതൽ മൗനത്തിലേക്ക് പിൻവാങ്ങുന്നു. ചിലപ്പോൾ ആ മൗനം പൊട്ടിത്തെറികളായി പുറത്തുവരുകയും ചെയ്യാം.
പരിഹാരം ആദ്യം അംഗീകാരത്തിലാണ്.
ഹോർമോൺ പ്രശ്നങ്ങളും മാനസികാരോഗ്യ ബുദ്ധിമുട്ടുകളും യാഥാർത്ഥ്യങ്ങളാണെന്ന് കുടുംബവും സമൂഹവും തിരിച്ചറിയണം. ചികിത്സയും കൗൺസിലിംഗും പിന്തുണയും ലജ്ജയില്ലാതെ സ്വീകരിക്കുന്ന ഒരു മനോഭാവം വളരേണ്ടതാണ്.
ആവശ്യമില്ലാത്ത കാര്യങ്ങൾക്ക് അമിതമായി ടെൻഷൻ എടുക്കുമ്പോൾ രക്തസമ്മർദ്ദം ഉയരാം. BPയ്ക്ക് മരുന്ന് കഴിക്കുന്നവർക്ക് ദേഷ്യം, അസ്വസ്ഥത എന്നിവ വർധിക്കുന്നുവെങ്കിൽ രക്തസമ്മർദ്ദം പരിശോധിക്കുന്നത് അനിവാര്യമാണ്.
മാനസിക ജോലിഭാരം കൂടുമ്പോൾ ചൊടിപ്പ്, അസഹിഷ്ണുത, കോപം തുടങ്ങിയ വികാരങ്ങൾ സ്വാഭാവികമാണ്. ശരീരത്തിലെ Vitamin D, Calcium, B1, B12, Iron എന്നിവയുടെ കുറവും മനോഭാവത്തെ ബാധിക്കാം.
പല കുടുംബങ്ങളിലും
• മദ്യപാനം മൂലമുള്ള മാനസിക അസന്തുലിതാവസ്ഥ
• സ്ത്രീകളിലെ ഹോർമോൺ മാറ്റങ്ങൾ
• കൗമാരക്കാരിലെ മാനസിക സംഘർഷങ്ങൾ
• സാമ്പത്തിക ബുദ്ധിമുട്ട്
ഇവ പരസ്പരം മനസ്സിലാക്കാതെ പോകുമ്പോൾ കലഹങ്ങൾ വർധിക്കുന്നു.
അവസാനം അത്
• കുടുംബവിള്ളൽ
• വിവാഹമോചനം
• അതിക്രമം
• ആത്മഹത്യാശ്രമം
• ഗെയിമുകളിലേക്കുള്ള അടിമത്തം
• പുറത്ത് സ്നേഹം തേടൽ
പോലുള്ള ഗുരുതര പ്രശ്നങ്ങളിലേക്ക് നയിക്കാം.
ഓർക്കുക — ഏതു രോഗത്തിനും ചികിത്സയുള്ളതുപോലെ, ഈ പ്രശ്നങ്ങൾക്കും പരിഹാരം ഉണ്ട്.
ലജ്ജിക്കാതെ സമീപിക്കുക:
ഡോക്ടർ
ഗൈനക്കോളജിസ്റ്റ്
സൈക്യാട്രിസ്റ്റ്
കൗൺസിലർ
ആത്മീയ ഉപദേശകൻ
സമയത്ത് സഹായം തേടുന്നത് ദൗർബല്യമല്ല; അത് ഉത്തരവാദിത്തമാണ്.
ഒരു അമ്മയുടെ വാട്‌സാപ്പ് സ്റ്റാറ്റസിലെ ചിരി യഥാർത്ഥ സന്തോഷമാകണമെങ്കിൽ, അടുക്കളയിലെ മൗനം കേൾക്കാനും മനസ്സിലാക്കാനും തയ്യാറായ ഒരു കുടുംബവും സമൂഹവും നമുക്ക് ആവശ്യമുണ്ട്.
വനിതാദിനം കലണ്ടറിലെ ഒരു ആഘോഷദിനമായി മാത്രം മാറാതെ, സ്ത്രീകൾ അനുഭവിക്കുന്ന നിശ്ശബ്ദ പോരാട്ടങ്ങളെ തിരിച്ചറിയുന്ന ബോധമായി മാറട്ടെ.
മനസിനെ മനസ്സിലാക്കൂ… ജീവിതം രക്ഷിക്കൂ.
മനസ്സ് സംരക്ഷിക്കുക… കുടുംബം സംരക്ഷിക്കുക.

