രാഹുൽ മാങ്കൂട്ടത്തിൽ പ്രസിഡന്റ് സ്ഥാനത്തേക്ക്.
യൂത്ത് കോൺഗ്രസ് സംഘടനാ തെരഞ്ഞെടുപ്പ്; തർക്കങ്ങൾക്കൊടുവിൽ രാഹുൽ മാങ്കൂട്ടത്തിൽ പ്രസിഡന്റ് സ്ഥാനത്തേക്ക്.
യൂത്ത് കോൺഗ്രസ് സംഘടനാ തെരഞ്ഞെടുപ്പിൽ രാഹുൽ മാങ്കൂട്ടത്തിൽ എ ഗ്രൂപ്പിന്റെ പ്രസിഡന്റ് സ്ഥാനാർത്ഥി. എ ഗ്രൂപ്പിലെ നീണ്ട തർക്കങ്ങൾക്കൊടുവിലാണ് രാഹുലിനെ സ്ഥാനാർത്ഥിയാക്കുന്നത്. രാഹുലിന് പുറമേ ജെ.എസ് അഖിൽ, കെ.എം അഭിജിത്ത് എന്നിവരുടെ പേരും പരിഗണനയിലുണ്ടായിരുന്നു. പല തരത്തിലുള്ള ചർച്ചകൾ നടത്തിയിട്ടും ഇവരെ മൂന്ന് പേരെയും ഒന്നിച്ചിരുത്തി സംസാരിച്ചിട്ടും ആരെ സ്ഥാനാർത്ഥിയാക്കുമെന്ന കാര്യത്തിൽ സമവായമുണ്ടാക്കാൻ കഴിയാത്ത സാഹചര്യമായിരുന്നു ഉണ്ടായിരുന്നത്.
ആദ്യം മുതൽ തന്നെ ഷാഫി പറമ്പിൽ രാഹുൽ മാങ്കൂട്ടത്തിലിനായി രംഗത്തെത്തിയിരുന്നു. അവസാന റൗണ്ടിൽ ഒറ്റ പേരിലേക്ക് ചുരുങ്ങണമെന്നും തർക്കം അവസാനിപ്പിക്കണമെന്നും കെസി ജോസഫും ബെന്നി ബെഹനാനും ഉൾപ്പടെയുള്ള നേതാക്കൾ യൂത്ത് കോൺഗ്രസ് നേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നു. നിലവിൽ A ഗ്രുപ്പിന് മേൽക്കൈയുള്ളതിനാൽ രാഹുൽ പ്രസിഡന്റ് ആകുമെന്ന് ഉറപ്പാണ്.
കെഎം അഭിജിത്തിനെ കെഎസ് യു സംസ്ഥാന അധ്യക്ഷനായി തെരഞ്ഞെടുത്തതിനാൽ ഇനിയൊരു അവസരം നൽകേണ്ടതില്ല എന്ന് എ ഗ്രൂപ്പ് തീരുമാനിക്കുകയായിരുന്നു. ജെ.എസ് അഖിലിനെ ഒഴിവാക്കിയതിൽ ഒരു വിഭാഗത്തിന് ശക്തമായ വിയോജിപ്പുണ്ടെന്നാണ് സൂചന.