ശവക്കല്ലറയിലെ അലങ്കാലങ്ങളും ഫോട്ടോയും നശിപ്പിച്ച് അസ്ഥിക്കുഴിയിലിട്ട സംഭവത്തിൽ വികാരിയച്ചനും നാല് പള്ളിക്കമ്മിറ്റിക്കാർക്കുമെതിരെ കേസ്
പറവൂർ: ശവക്കല്ലറയിലെ അലങ്കാലങ്ങളും ഫോട്ടോയും കുരിശും നശിപ്പിച്ച് അസ്തിക്കുഴിയിലിട്ട സംഭവത്തിൽ വികാരിയച്ചനും നാല് പള്ളിക്കമ്മറ്റിക്കാർക്കുമെതിരെ പുത്തൻവേലിക്കര പൊലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു. മാനാഞ്ചേരി സെന്റ് പോൾസ് പള്ളി വികാരി ഫാ. ഷൈജൻ കളത്തിൽ (54), പള്ളിക്കമ്മിറ്റി ഭാരവാഹികളായ പഞ്ഞിപ്പള്ള കല്ലറക്കൽ വീട്ടിൽ ജോബ് തോമസ് (53), കുര്യാപ്പിള്ളി വീട്ടിൽ ജെയിംസ് ഔസോ( 48), പരിത്തിക്കുന്നത്ത് ജോയ് ഔസോ (52), മാനാഞ്ചേരിക്കുന്ന് വേലിക്കകത്തോട് ഷൈജു മാർട്ടിൻ (51) എന്നിവർക്കെതിരെയാണ് കേസെടുത്തിട്ടുള്ളത്. പുത്തൻവേലിക്കര മാനേഞ്ചേരികുന്ന് കൈതത്തറ വീട്ടിൽ ഗബ്രീയൽ ഭാര്യ കൊച്ചുത്രേസ്യ (71)യുടെ മൃതദേഹത്തോടാണ് അനാദരവ് കാണിച്ചത്. സംഭവത്തിൽ മകൻ വിത്സൻ മുഖ്യമന്ത്രിക്കും ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്ക് അടക്കം പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ല. തുടർന്ന് പറവൂർ മജിസ്ട്രേറ്റ് കോടതിയിൽ നൽകിയ ഹർജിലാണ് കേസെടുക്കാൻ പൊലീസിന് നിർദേശം നൽകിയത്. ജനുവരി 7നാണ് കൊച്ചുത്രേസ്യ മരിച്ചത്. ഇടവകയായ സെന്റ് പോൾ ദേവാലയത്തിലെ സെമിത്തേരിയിൽ 9ന് സംസ്കാരം നടത്തി. കുഴിമാടത്തിൽ കുരിശും കൊച്ചുത്രേസായുടെ ഫോട്ടോയൊടൊപ്പം അലങ്കാരവും നടത്തിയിരുന്നു. മാർച്ച് അഞ്ചിന് ബന്ധുക്കൾ സെമിത്തേരിയിൽ എത്തിയപ്പോഴാണ് എല്ലാം നശിച്ചിപ്പിച്ചതാണ് കണ്ടത്. ഇവിടെയുണ്ടായിരുന്ന കുരിശും ഫോട്ടോയും അലങ്കാരവും അസ്തിക്കുഴിയിൽ ഉപേക്ഷിച്ച നിലയിലായിരുന്നു. സംഭവമറിഞ്ഞ് ഭർത്താവ് ഗബ്രിയൽ സെമിത്തേരിയിലെത്തി കുഴിമാടം നശിപ്പിച്ചത് കണ്ടതോടെ കുഴഞ്ഞുവീഴുകയും ആശുപത്രിയിൽ ചികിത്സയിലിക്കെ ഏപ്രിൽ 19ന് മരിച്ചു. ആദ്യം പുത്തൻവേലിക്കര പൊലീസിലും പിന്നീട് മുനമ്പം ഡി.വൈ.എസ്.പിക്കും മുഖ്യമന്ത്രിക്കും പരാതി നൽകിയിരുന്നു. പറവൂർ മജസിട്രേറ്റ് കോടതിയിൽ മകൻ വിത്സൻ ഹർജി നൽകി. പരാതി പിൻവലിക്കാൻ പൊലീസ് ഭീഷണിപ്പെടുത്തുന്ന ദൃശ്യങ്ങളടക്കം ഹാജരാക്കി. കോടതി സ്റ്റേഷൻ ഹൗസ് ഓഫീസറെ വിളിച്ചുവരുത്തി റിപ്പോർട്ട് ആവശ്യപ്പെടുകയും കേസെടുക്കാൻ നിർദേശിക്കുകയും ചെയ്തു.

