BreakingBusinessKerala

യുഡിഎഫിന്റെ പുതുയുഗ കേരളം പ്രഖ്യാപനവുമായി ബജറ്റ്

തിരുവനതപുരം : യുഡിഎഫ് സർക്കാരിന്റെ പുതുയുഗ കേരളം എന്ന സ്വപ്നത്തിലേക്ക് ചുവടുവെക്കുന്നതിനുള്ള പ്രഖ്യാപനവുമായി മുഖ്യമന്ത്രി വി.ഡി സതീശന്റെ 2026-27 വർഷത്തെ പരിഷ്‌കരിച്ച ബജറ്റ്. യുവാക്കളുടെ ഉന്നതവിദ്യാഭ്യാസവും തൊഴിൽതേടിയുള്ള കുടിയേറ്റവും കുറയ്ക്കാൻ ലക്ഷ്യമിട്ട് ‘നോളജ് വാലി’ പദ്ധതിക്ക് ബജറ്റിൽ 100 കോടി അനുവദിച്ചിട്ടുണ്ട്. ഐഐടി മാതൃകയിൽ എൻജിനീയറിങ് കോളജുകളെ ബന്ധിപ്പിച്ച് റിസർച്ച് പാർക്കിന് 60 കോടിയും നീക്കിവെച്ച ബജറ്റിൽ, തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ ഗ്ലോബൽ ജോബ് ടവറും ഇടംപിടിച്ചിട്ടുണ്ട്.
വിദേശ വിദ്യാർത്ഥികൾക്ക് കേരളത്തിൽ വന്ന് പഠിക്കാൻ അവസരമൊരുക്കുന്ന ‘സെമസ്റ്റർ ഇൻ കേരള’ പദ്ധതി പുനരാരംഭിച്ച് അക്കാദമിക് ടൂറിസം ശക്തിപ്പെടുത്തുമെന്നും ബജറ്റിൽ പ്രഖ്യാപനമുണ്ട്. ബിരുദധാരികൾക്ക് വേഗത്തിൽ ജോലി ലഭിക്കാൻ സഹായിക്കുന്ന ബ്രിഡ്ജ് പ്രോഗ്രാമുകളും കോഴ്‌സുകളും നടപ്പിലാക്കും. ‘വയനാട് ട്രൈബൽ സർവകലാശാല’യും ‘തദ്ദേശീയ വിജ്ഞാന മേഖല’യും ആരംഭിക്കുമെന്ന സുപ്രധാന പ്രഖ്യാപനവും ബജറ്റിലുണ്ട്.
കേരളത്തിലെ തുറമുഖങ്ങളെ ബന്ധിപ്പിച്ച് 400 കോടിയുടെ പദ്ധതിയും പ്രഖ്യാപിച്ചു. വിഴിഞ്ഞത്തെ ബന്ധിപ്പിച്ചുകൊണ്ട് അഴീക്കൽ ബേപ്പൂർ തുറമുഖ വികസനവും ഇതിൽ ഉൾപ്പെടുന്നു. കേരളത്തെ തുറമുഖ നഗരമാക്കി റോഡ്, സമുദ്രം, റെയിൽ, ഉൾനാടൻ ജലപാതകൾ, നിർമ്മാണ മേഖലകൾ, ഗ്രീൻഫീൽഡ് സിറ്റി, എന്നിവ ബന്ധിപ്പിച്ചുകൊണ്ടുള്ള മാരിടൈം സമ്പദ് വ്യവസ്ഥയാണ് കേരളം ലക്ഷ്യമിടുന്നത്. നാല് അന്താരാഷ്ട്ര വിമാനത്താവളങ്ങളെ കേന്ദ്രീകരിച്ച് കേരളത്തെ ദക്ഷിണേന്ത്യയിലെ പ്രധാന ഏവിയേഷൻ-ലോജിസ്റ്റിക്‌സ് ഹബ്ബായി വികസിപ്പിക്കുന്നതിനുള്ള വിവിധ പദ്ധതികളും ആവിഷ്‌കരിക്കും. പതിനായിരത്തോളം എം.എസ്.എം.ഇ. സംരംഭങ്ങൾ സംസ്ഥാനമൊട്ടാകെ ആരംഭിക്കുന്നതിന് ആവശ്യമായ സഹായം നൽകുന്ന കേരള എം.എസ്.എം.ഇ. ഗ്രോത്ത് സ്‌കീമിന് രൂപംനൽകുമെന്നും ബജറ്റിൽ പ്രഖ്യാപനമുണ്ട്.

ഗുരുതര രോഗം ബാധിച്ചവർക്കും സാമ്പത്തിക പരാധീനത അനുഭവിക്കുന്നവർക്കും തുടർ വിദ്യാഭ്യാസത്തിന് പണമില്ലാത്തവർക്കും സഹായം നേരിട്ട് എത്തിക്കുന്നതിനുള്ള പ്ലാറ്റ്‌ഫോമായി ‘വൺ കേരള കരുതൽ മിഷൻ’ സ്ഥാപിക്കും. വയോജനങ്ങൾക്ക് ആവശ്യമായ സ്ഥാപനങ്ങൾ, വ്യയശേഷി നേടാനുതകുന്ന സാമ്പത്തിക സഹായം, സംരംഭകത്വം, വൈദഗ്ദ്ധ്യം എന്നിവ ഉൾപ്പെടുന്ന ‘സിൽവർ ഇക്കോണമി’ വികസിപ്പിക്കും. സംസ്ഥാനത്ത് അന്താരാഷ്ട്ര മാതൃകയിൽ കെയർ ഗിവർ സർട്ടിഫിക്കറ്റ് കോഴ്‌സുകൾ ആരംഭിക്കുമെന്നും പ്രഖ്യാപനമുണ്ട്

Leave a Reply

Your email address will not be published. Required fields are marked *