KeralaPolitics

ദേവഗൗഡയുടെ പ്രസ്താവന.: എൽ ഡി എഫ് പ്രതിസന്ധിയിൽ

തിരുവനന്തപുരം :എൽ ഡി എഫ് മുന്നണി വീണ്ടും പ്രതിസന്ധിയിൽ.മുഖ്യമന്ത്രി പിണറായി വിജയന്റെ പൂര്‍ണ സമ്മതത്തോടെയാണ് ജെഡിഎസ് ദേശീയ നേതൃത്വം ബിജെപിയുമായി സഖ്യം രൂപീകരിച്ചതെന്ന ദേവഗൗഡയുടെ പ്രസ്താവനയാണ് കേരളത്തിലെ സിപിഎമ്മിനെ ഇപ്പോൾ വെട്ടിലാക്കിയിരിക്കുന്നത് . ദേവഗൗഡ പക്ഷം ബിജെപിയുമായി സഹകരിക്കാന്‍ തീരുമാനിച്ചപ്പോള്‍ തന്നെ കേരളത്തിലെ പ്രതിപക്ഷം ജനതാദളിന്റെ മന്ത്രിയായ കെ. കൃഷ്ണന്‍കുട്ടിയെ പുറത്താക്കണമെന്ന ആവശ്യവുമായി രംഗത്തുണ്ടായിരുന്നു. എന്നാല്‍ കേരളത്തില്‍ ഇടതുപക്ഷവുമായി സഹകരിക്കാനാണ് തീരുമാനമെന്നായിരുന്നു ജെഡിഎസ് സംസ്ഥാന അധ്യക്ഷന്‍ മാത്യു.ടി. തോമസിന്റെ നിലപാട്. ഇതോടെ പ്രതിപക്ഷം ഒന്നടങ്ങിയിരിക്കുന്നതിനിടയിലാണ് ദേവഗൗഡയുടെ അപ്രതീക്ഷിത പ്രസ്താവന വന്നത്.
ഇതോടെ എല്‍ഡിഎഫിലെ ഘടകകക്ഷികള്‍ക്കിടയിലും ഇക്കാര്യം ചര്‍ച്ചാവിഷയമായി മാറിയിരിക്കുകയാണ്. ബിജെപിയുമായി മുന്നോട്ടുപോകാന്‍ കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ പൂര്‍ണ സമ്മതം അറിയിച്ചിട്ടുണ്ടെന്നായിരുന്നു ദേവഗൗഡയുടെ അവകാശവാദം.
അതേസമയം, ദേവഗൗഡയുടേതായി വന്ന പ്രസ്താവന വാസ്തവ വിരുദ്ധവും തികഞ്ഞ അസംബന്ധവുമാണെന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രതികരിച്ചു . സ്വന്തം രാഷ്ട്രീയ മലക്കം മറിച്ചിലുകള്‍ക്ക് ന്യായീകരണം കണ്ടെത്താന്‍ അദ്ദേഹം അസത്യം പറയുകയാണ്. ജനതാദള്‍ എസ് കാലങ്ങളായി കേരളത്തില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണിയോടൊപ്പം നിലകൊള്ളുന്ന കക്ഷിയാണ്. ദേശീയ നേതൃത്വം വ്യത്യസ്ത നിലപാട് പ്രഖ്യാപിച്ചപ്പോള്‍ ആ ബന്ധം വിച്ഛേദിച്ച് കേരളത്തില്‍ എല്‍ഡിഎഫിന് ഒപ്പം നിലയുറപ്പിച്ച പാരമ്പര്യമാണ് അവരുടെ സംസ്ഥാന നേതൃത്വത്തിനുള്ളത്. ആ പാര്‍ട്ടിയുടെ ആഭ്യന്തരപ്രശ്നങ്ങളില്‍ ഏതെങ്കിലും തരത്തില്‍ അഭിപ്രായം പറയാനോ ഇടപെടാനോ സിപിഎം ഒരു ഘട്ടത്തിലും ശ്രമിച്ചിട്ടില്ല. മുഖ്യമന്ത്രി എന്ന നിലയിലും അവരുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടേണ്ട ആവശ്യം ഉണ്ടായിട്ടില്ല. അത് ഞങ്ങളുടെ രീതിയല്ല. ആരുടെയെങ്കിലും വെളിപാടിന് ഞങ്ങളാരും ഉത്തരവാദികളല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു..2006ലെ നിയമസഭാ തിരഞ്ഞെടുപ്പു സമയത്തും സമാനമായ സാഹചര്യം നിലനിന്നിരുന്നു. അന്ന് സിപിഎം ശക്തമായ നിടപാടാണ് ജനതാദളിനെതിരെ സ്വീകരിച്ചത്. കുമാരസ്വാമി ബിജെപിയുമായി സഖ്യമുണ്ടാക്കിയ സമയത്തായിരുന്നു അത്. വി.എസ്. അച്യുതാനന്ദന്‍ മന്ത്രിസഭയില്‍ മാത്യു.ടി. തോമസ് അംഗമായിരുന്നു. ജനതാദള്‍ ദേശീയ നേതാക്കള്‍ ബിജെപിയുമായി സഖ്യമുണ്ടാക്കിയതിനെ സിപിഎം ശക്തമായി എതിര്‍ക്കുകയും ഇത്തരത്തില്‍ മുന്നോട്ടു പോകാനാകില്ലെന്ന് നിലപാടെടുക്കുകയും ചെയ്തിരുന്നു. ഇതേത്തുടര്‍ന്ന് വീരേന്ദ്രകുമാറിന്റെ നേതൃത്വത്തില്‍ പൊതുസമ്മേളനം വിളിച്ച് തങ്ങള്‍ എല്‍ഡിഎഫിനൊപ്പമാണെന്ന നിലപാട് അറിയിക്കുകയായിരുന്നു. ദേവഗൗഡയെ സംസ്ഥാന ജനതാദള്‍ നേതാക്കള്‍ അന്ന് തള്ളിപ്പറയുകയും ചെയ്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *