ജസ്നാ എവിടെ? ഉത്തരം മുട്ടി സി ബി ഐ
തിരുവനന്തപുരം: ജസ്നാ എവിടെ യെന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്താനാവാതെ വിഷമിക്കുകയാണ് സിബിഐ കോട്ടയം എരുമേലിയില്‍ നിന്നും കാണാതായ ജസ്നയ്ക്കായുള്ള അന്വേഷണം അവസാനിപ്പിച്ച് സിബിഐ കോടതിയിൽ റിപ്പോർട്ട് നൽകി. ജെസ്നയെ കണ്ടെത്താനുള്ള അവസാന ശ്രമവും പരാജയപ്പെട്ടതോടെയാണ് ക്ലോഷർ റിപ്പോർട്ട് സി.ബി.ഐ. തിരുവനന്തപുരം ചീഫ് മജിസ്ട്രേറ്റ് കോടതിയിൽ സമർപ്പിച്ചത്. രാജ്യത്തിനകത്തും പുറത്തും നീണ്ട മൂന്ന് വർഷത്തെ അന്വേഷണത്തിനൊടുവിലാണ് സി.ബി.ഐ. ക്ലോഷർ റിപ്പോർട്ട് സമർപ്പിക്കുന്നത്. കേസ് അവസാനിപ്പിക്കുന്നത് സംബന്ധിച്ച് കോടതി നിലപാട് നിർണായകമാവും.ജെസ്നക്ക് എന്ത് സംഭവിച്ചുവെന്ന് കണ്ടെത്താനായിട്ടില്ലെന്ന് സിബിഐ കോടതിയെ അറിയിച്ചു. ജെസ്ന തിരോധാനം സംബന്ധിച്ച് കൂടുതൽ തെളിവുകൾ ലഭിക്കുമ്പോൾ തുടർ അന്വേഷണം നടത്താമെന്നാണ് സിബിഐ അറിയിച്ചിരിക്കുന്നത്.
2018 മാര്‍ച്ച് 22നാണ് കാഞ്ഞിരപ്പള്ളി എസ് ഡി കോളേജിലെ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിനിയായ ജസ്നാ മരിയ ജയിംസിനെ എരുമേലിയിൽ നിന്നും കാണാതാകുന്നത്. വീട്ടില്‍ നിന്നും മുണ്ടകയത്തെ ബന്ധുവീട്ടിലേക്ക് പോകും വഴിയായിരുന്നു തിരോധാനം. ജസ്നയെ കണ്ടെത്താന്‍ ക്രൈംബ്രാഞ്ചടക്കം കേരളാ പൊലീസിന്റെ നിരവധി സംഘങ്ങള്‍ അന്വേഷണം നടത്തിയെങ്കിലും ഫലമുണ്ടായില്ല. അന്വേഷണ പുരോഗതിയില്ലെന്ന് കാണിച്ച് ക്രിസ്ത്യന്‍ അലയന്‍സ് ആന്റ് സോഷ്യല്‍ ആക്ഷന്‍ എന്ന സംഘടന ഹൈക്കോടതിയെ സമീപിച്ചതോടെയാണ് കേസ് സിബിഐക്ക് കൈമാറാന്‍ ഉത്തരവിടുന്നത്. 2021 ഫെബ്രുവരിയിലായിരുന്നു കോടതി ഉത്തരവ്. ഇതിന്റെ അടിസ്ഥാനത്തിലാണ് സിബിഐ അന്വേഷണം ഏറ്റെടുത്തത്. ഇതിനിടെ ജസ്നായുടെ പേരിൽ ഒത്തിരി അഭ്യൂഹങ്ങൾ പരന്നിരുന്നു. എന്നാൽ സിബിഐ അന്വേഷണം അവസാനിപ്പിക്കുന്നത്തോടെ ചില ചോദ്യങ്ങൾ അവശേഷിക്കുകയാണ്.

