BreakingKeralaPolitics

രാഹുല്‍ മാങ്കൂട്ടത്തിലിന് ജാമ്യം.

തിരുവനന്തപുരം :സെക്രട്ടറിയേറ്റ് മാര്‍ച്ചിലെ അതിക്രമങ്ങളുമായി ബന്ധപ്പെട്ട കേസുകളില്‍ റിമാന്‍ഡില്‍ കഴിയുന്ന യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലിന് ജാമ്യം. കന്റോണ്‍മെന്റ് പോലീസ് രജിസ്റ്റര്‍ ചെയ്ത മൂന്നു കേസിലും മ്യൂസിയം പോലീസ് രജിസ്റ്റര്‍ ചെയ്ത ഒരു കേസിലും ജാമ്യം ലഭിച്ചതോടെ, അദ്ദേഹം ഇന്ന് ജയില്‍ മോചിതനാകും. 50,000 രൂപയുടെ ആള്‍ജാമ്യം, എല്ലാ തിങ്കളാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ ഹാജരാകണം എന്നിവ ഉള്‍പ്പെടെയുള്ള ഉപാധികളോടെയാണ് ജാമ്യം. രാഹുലിന് ജാമ്യം നല്‍കരുതെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു. പ്രോസിക്യൂഷന്‍ എതിര്‍പ്പ് തള്ളിയാണ് കോടതി ജാമ്യം അനുവദിച്ചത്.

സെക്രട്ടറിയേറ്റ് മാര്‍ച്ചിനിടെ രാഹുല്‍ പോലീസിനെ ആക്രമിച്ചെന്നും അതിനാല്‍ രാഹുലിനെ കസ്റ്റഡിയില്‍ വേണമെന്നുമായിരുന്നു പ്രോസിക്യൂഷന്റെ വാദം. നേരത്തെ രണ്ടു കേസുകളില്‍ ജാമ്യം ലഭിച്ചിരുന്നു. യൂത്ത് കോണ്‍ഗ്രസ് സെക്രട്ടറിയേറ്റ് മാര്‍ച്ചില്‍ നടന്ന അക്രമ സംഭവങ്ങള്‍ക്കെതിരെ എടുത്ത കേസുകളിലാണ് രാഹുലിനെ അറസ്റ്റ് ചെയ്തത്. പൊതുമുതല്‍ നശിപ്പിച്ചു പോലീസിനെ അതിക്രമിച്ചു തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയായിരുന്നു അറസ്റ്റ്.

Leave a Reply

Your email address will not be published. Required fields are marked *