ഇലക്ട്രിക് ബസ് : നിലപാട് മാറ്റി മന്ത്രി
തിരുവനന്തപുരം: ഇലക്ട്രിക് ബസുമായി ബന്ധപ്പെട്ട വിഷയത്തില്‍ താനായി ഇനി ഒരു തീരുമാനം പറയാനില്ലെന്ന് ഗതാഗതമന്ത്രി കെ ബി ഗണേഷ് കുമാര്‍. ഇലക്ട്രിക് ബസുകളുടെ ലാഭനഷ്ടവുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടില്‍ പഠനം നടക്കുന്നതേയുള്ളൂവെന്നും എന്തെങ്കിലും അറിയിക്കാനുണ്ടെങ്കില്‍ ഉദ്യോഗസ്ഥര്‍ അറിയിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
തിരുവനന്തപുരം നഗരത്തിലെ ഇലക്ട്രിക് ബസുകള്‍ നഷ്ടത്തിലാണെന്ന് മന്ത്രിയുടെ പ്രസ്താവന വന്നതിനുപിന്നാലെ വലിയ വിമര്‍ശങ്ങള്‍ ഉയര്‍ന്നിരുന്നു. സിപിഎം പോലും അദ്ദേഹത്തിന് എതിരായ നിലപാട് സ്വീകരിച്ച സാഹചര്യത്തിലാണ് ഗണേഷ് കുമാറിന്‍റെ ഇപ്പോഴത്തെ പ്രതികരണം.
‘ഞാന്‍ ആരെയും ദ്രോഹിക്കാറില്ല. പക്ഷേ, ചില ആളുകള്‍ക്ക് എന്നെ ഉപദ്രവിക്കാനുള്ള ഉദ്ദേശ്യമുണ്ട്. എനിക്കതില്‍ യാതൊരു വിരോധവുമില്ല. എന്തിനാണ് അവര്‍ എന്നെ ദ്രോഹിക്കുന്നതെന്ന് അറിയില്ല. സത്യം മാത്രമേ പറയാറുള്ളൂ. ഇനി ഒരു തീരുമാനവും എടുക്കില്ല. പറയാനുള്ളത് ഉദ്യോഗസ്ഥര്‍ പറയും’- ഗണേഷ് കുമാര്‍ പറഞ്ഞു. ഇലക്ട്രിക് ബസ് വിവാദത്തിന് ശേഷം ആദ്യമായാണ് ഗണേഷ് കുമാറിന്റെ പ്രതികരണം.

