പ്രതിയെ പേടിച്ചോടുന്ന പോലീസാണ് പിണറായിയുടെത്: തിരുവഞ്ചൂർ രാധാകൃഷ്ണൻ
കോട്ടയം: പ്രതികൾ ഉറക്കെ തുമ്മിയാൽ തിരിഞ്ഞോടുന്ന പോലീസാണ് ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രിയുടെ കിഴിലുള്ളപോലീസ് എന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ ആരോപിച്ചു.
വയലന്‍റ് ആകുന്ന പ്രതികളെ കീഴ്പ്പെടുത്തുവാനുള്ള ആയുധമുള്ള പോലീസ് തിരിഞ്ഞോടി വന്ദനയെ കൊലയ്ക്ക് കൊടുക്കുകയായിരുന്നുവെന്നും തിരുവഞ്ചൂർ കുറ്റപ്പെടുത്തി.
കൃത്യം നടക്കുമ്പോൾ ഹോം ഗാർഡ് മാത്രമാണ് സ്ഥലത്തുണ്ടായിരുന്നതെന്നും, പരിക്കേറ്റ ഡോക്ടർക്ക് വിദക്ത ചികിത്സ നൽകാനായി നാൽപത്തഞ്ച് മിനിറ്റോളം താമസിപ്പിച്ചു എന്നും തിരുവഞ്ചൂർ പറഞ്ഞു.
വന്ദനയുടെ കൊലപാതകത്തിന് ഉത്തരവാദികളായ ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി പിണറായി വിജയനും, ആരോഗ്യവകുപ്പ് മന്ത്രി വീണ ജോർജും ഉത്തരവാദിത്വം ഏറ്റെടുത്ത് സ്ഥാനമൊഴിഞ്ഞ് നീതിപുലർത്തുകയാണ് വേണ്ടതെന്നും തിരുവഞ്ചൂർ അഭിപ്രായപ്പെട്ടു.
യുഡിഎഫ് കോട്ടയം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കോട്ടയം തിരുനക്കര ഗാന്ധി സ്ക്വയറിന് സമീപം വന്ദനയുടെ ചിത്രത്തിന് മുന്നിൽ പുഷ്പ്പാർച്ചന നടത്തിയ ശേഷം നടന്ന പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
യുഡിഎഫ് കോട്ടയം ജില്ല ചെയർമാൻ സജി മഞ്ഞക്കടമ്പിൽ അധ്യക്ഷത വഹിച്ചു.

