BreakingKeralaOthers

സ്മാർട്ട് റോഡുകൾ കുടിവെള്ള പൈപ്പ് കണക്ഷൻ നൽകാൻ വീണ്ടും വെട്ടിപ്പൊളിക്കുന്നതിനെതിരെ മനുഷ്യാവകാശ കമ്മിഷൻ.

തിരുവനന്തപുരം∙ സ്മാർട്ട് റോഡുകൾ കുടിവെള്ള പൈപ്പ് കണക്ഷൻ നൽകാൻ വീണ്ടും വെട്ടിപ്പൊളിക്കുന്നതിനെതിരെ സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ.ആദ്യഘട്ട ടാറിങ് പൂർത്തിയായ സ്മാർട്ട് റോഡുകൾ കുടിവെള്ള പൈപ്പ് കണക്ഷൻ നൽകാൻ വീണ്ടും വെട്ടിപ്പൊളിക്കുന്നതായി പരാതിയുയർന്ന സാഹചര്യത്തിൽ ജലവിഭവ സെക്രട്ടറി പ്രശ്നത്തിന് പരിഹാരം കാണണമെന്ന് നിർദേശിച്ച് മനുഷ്യാവകാശ കമ്മിഷൻ. ജല അതോറിറ്റി മാനേജിങ് ഡയറക്ടർ, ചീഫ് എൻജിനീയർ, ബന്ധപ്പെട്ട മറ്റു വകുപ്പുകളിലെ എൻജിനീയമാർ എന്നിവരടങ്ങിയ ഒരു സ്പെഷൽ ടീമിന് രൂപം നൽകി സമയബന്ധിതമായി റോഡുകൾ പൂർവ സ്ഥിതിയിലാക്കണമെന്നാണ് മനുഷ്യാവകാശ കമ്മിഷൻ ചെയർപഴ്സൻ ജസ്റ്റിസ് അലക്സാണ്ടർ തോമസ് ജലവിഭവ വകുപ്പ് സെക്രട്ടറിയോട് ആവശ്യപ്പെട്ടിരിക്കുന്നത്. സ്മാർട്ട് റോഡുകൾ ആവർത്തിച്ച് കുഴിക്കുന്നതുമായി ബന്ധപ്പെട്ടുള്ള വാർത്തയുടെ അടിസ്ഥാനത്തിൽ കമ്മിഷൻ സ്വമേധയാ റജിസ്റ്റർ ചെയ്ത കേസിലാണ് ഉത്തരവ്.
പൈപ്പ് ലൈനുകൾ സ്ഥാപിച്ചശേഷം റോഡുകൾ വീണ്ടും കുത്തിപൊളിക്കുന്നത് അടിയന്തരമായി പരിശോധിക്കണമെന്ന് കമ്മിഷൻ ആവശ്യപ്പെട്ടു. ഭാവിയിൽ ഇത്തരം ഇരട്ടപ്പണി ഒഴിവാക്കുന്നതിന് ഉയർന്ന ഉദ്യോഗസ്ഥരുമായി ജലവിഭവ വകുപ്പ് സെക്രട്ടറി കൂടിയാലോചന നടത്തി പരിഹാരമാർഗങ്ങൾ കണ്ടെത്തണമെന്നും കമ്മിഷൻ ആവശ്യപ്പെട്ടു. ജലവിഭവ വകുപ്പ് സെക്രട്ടറി ആവശ്യമായ കൂടിയാലോചനകൾക്ക് ശേഷം രണ്ടാമതും കുഴിച്ച സമാർട്ട് റോഡുകൾ പൂർവ സ്ഥിതിയിലാക്കാൻ ആവശ്യമായ സമയവും സ്വീകരിച്ച നടപടികളും അറിയിക്കണമെന്നും ജസ്റ്റിസ് അലക്സാണ്ടർ തോമസ് ആവശ്യപ്പെട്ടു. ജല അതോറിറ്റി മാനേജിങ് സയറക്ടറും ചീഫ് എൻജിനീയറും റിപ്പോർട്ട് സമർപ്പിക്കണം. റോഡ് ഫണ്ട് ബോർഡ്, സ്മാർട്ട് സിറ്റി പ്രോജക്ട് എന്നീ സ്ഥാപനങ്ങളുടെ വിശദീകരണങ്ങളും ഇതിനൊപ്പം സമർപ്പിക്കണം.

തിരുവനന്തപുരം നഗരത്തിൽ നടത്തുന്ന അറ്റകുറ്റപണികളെ കുറിച്ച് ജല അതോറിറ്റി എംഡി യഥാസമയം സിറ്റി പൊലീസ് കമ്മിഷണറെ അറിയിക്കണം. കമ്മിഷണർ ഇക്കാര്യം ട്രാഫിക് പൊലീസിനെ അറിയിച്ച ശേഷം പൊതുജനങ്ങൾക്ക് ഉണ്ടാവുന്ന ബുദ്ധിമുട്ടുകൾ ലഘൂകരിക്കാൻ നടപടിയെടുക്കണം. സ്വീകരിച്ച നടപടികൾ കമ്മിഷണർ മനുഷ്യാവകാശ കമ്മിഷനെ അറിയിക്കണം. ഒരു മാസത്തിനകം റിപ്പോർട്ടുകൾ സമർപ്പിക്കണം. കേസ് സെപ്റ്റംബർ 26ന് പരിഗണിക്കും.

Leave a Reply

Your email address will not be published. Required fields are marked *