പി പി ദിവ്യക്ക് ഇന്ന് നിർണ്ണായകം
ജാമ്യം നൽകുന്നതിനെ എതിർത്ത് നവീൻ ബാബുവിന്‍റെ കുടുംബം കക്ഷി ചേരും.തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ദിവ്യയുടെ ജാമ്യ ഹർജി പരിഗണിക്കുക.
കണ്ണൂർ : എഡിഎം നവീൻ ബാബു ആത്മഹത്യ ചെയ്ത കേസിൽ പ്രതി പി പി ദിവ്യയുടെ ജാമ്യഹർജിയിൽ ഇന്ന് വാദം നടക്കും. തലശ്ശേരി ജില്ലാ കോടതിയിലാണ് വാദം കേൾക്കുക. സെഷൻസ് ജഡ്ജി കെ.ടി. നിസാർ അഹമ്മദ് മുൻപാകെ വാദം കേൾക്കും. ജാമ്യം നൽകുന്നതിനെ എതിർത്ത് നവീൻ ബാബുവിന്‍റെ കുടുംബം കക്ഷി ചേരും.
തെറ്റ് പറ്റിയെന്ന് എഡിഎം പറഞ്ഞെന്ന കളക്ടറുടെ മൊഴിയും വിവാദ പെട്രോൾ പമ്പ് അപേക്ഷകൻ ടിവി പ്രശാന്തൻ്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് എഡിഎമ്മിനെതിരായ ആരോപണമെന്നാണ് ദിവ്യയുടെ പ്രധാന വാദം. ജാമ്യാപേക്ഷയിൽ അന്വേഷണ റിപ്പോർട്ടിൽ പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ കെ. അജിത്ത്കുമാർ വാദം നടത്തും. അന്വേഷണ റിപ്പോർട്ട് പ്രോസിക്യൂട്ടർ കോടതിയിൽ നൽകും. ദിവ്യയ്ക്കുവേണ്ടി ജാമ്യാപേക്ഷ നൽകിയ അഡ്വ. കെ. വിശ്വനും നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷയ്ക്കുവേണ്ടി അഡ്വ. ജോൺ എസ്.റാൽഫും ജാമ്യാപേക്ഷയിൽ വാദം നടത്തും.ഫയൽ നീക്കം വൈകിപ്പിച്ചതിനെയാണ് വിമർശിച്ചതെന്നും അഴിമതിക്കെതിരായ സന്ദേശമാണ് നൽകിയതെന്നും സ്ഥാപിക്കാനാകും ശ്രമം. ദിവ്യയെ ചോദ്യം ചെയ്തതിന് പിന്നാലെയെത്തുന്ന ജാമ്യഹർജിയിൽ പ്രോസിക്യൂഷൻ വാദവും നിർണായകമാകും. കളക്ടർക്കെതിരെ ഇന്നലെയും കണ്ണൂരിൽ കനത്ത പ്രതിഷേധമുണ്ടായി. അരുൺ കെ വിജയനെ നുണപരിശോധനയ്ക്ക് വിധേയനാക്കണമെന്ന് ആവശ്യപ്പെട്ട് മുസ്ലിം ലീഗ് നടത്തിയ കളക്ടറേറ്റ് മാർച്ച് സംഘർഷത്തിലാണ് അവസാനിച്ചത്. പൊലീസും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളുമുണ്ടായി. മാധ്യമങ്ങളോട് ഒന്നും പറയാനില്ലെന്നായിരുന്നു കളക്ടറുടെ മറുപടി.