BreakingKerala

കാരവനിൽ രണ്ടു മൃതദേഹങ്ങൾ

കോഴിക്കോട്∙ വടകര കരിമ്പനപാലത്ത് റോഡരികിൽ നിർത്തിയിട്ട കാരവനിൽ രണ്ടു പേരെ മരിച്ച നിലയിൽ കണ്ടെത്തി. മലപ്പുറം സ്വദേശി മനോജ്‌, കാസർകോട് സ്വദേശി ജോയൽ എന്നിവരാണ് മരിച്ചത്. പൊന്നാനിയില്‍ കാരവൻ ടൂറിസം കമ്പനിയിലെ ഡ്രൈവറാണ് മരിച്ച മനോജ്. ഇതേ കമ്പനിയിൽ ജീവനക്കാരനാണ് ജോയൽ.
വാഹനത്തിന്റെ മുന്നിലെ പടിയിലും പിൻഭാഗത്തുമായാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. രണ്ടു ദിവസമായി റോഡരികിൽ വാഹനം നിർത്തിയിട്ട നിലയിലായിരുന്നു. തിങ്കളാഴ്ച വൈകിട്ട് പ്രദേശവാസികൾക്ക് സംശയം തോന്നി പരിശോധിച്ചപ്പോഴാണ് വാഹനത്തിനുള്ളിൽ രണ്ടു പേരെ മരിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്നു പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.
ഞായറാഴ്ച രാവിലെ വാഹനം ഇവിടെ ഒതുക്കിയ ശേഷമാകാം മരണം സംഭവിച്ചതെന്ന് പൊലീസ് കരുതുന്നു. തലശേരിയിൽ വിവാഹത്തിനു ആളെ എത്തിച്ചശേഷം പൊന്നാനിയിലേക്ക് മടങ്ങുകയായിരുന്നു ഇവരെന്ന് പൊലീസ് പറയുന്നു. എസി ഗ്യാസ് ലീക്കായതാകാം മരണകാരണമെന്നാണ് സംശയിക്കുന്നത്.

ഫോറന്‍സിക് വിദഗ്ധര്‍, വിരലടയാള വിദഗ്ധര്‍, ഡോഗ് സ്‌ക്വാഡ് എന്നിവരെല്ലാം വിശദമായ പരിശോധന നടത്തും. രാത്രിയിലുള്ള പരിശോധന ഫലപ്രദമാകില്ലെന്നതിനാലാണ് എല്ലാ പരിശോധനയും പകല്‍സമയത്തേക്ക് മാറ്റിയത്. റൂറല്‍ എസ്.പി. പി. നിധിന്‍രാജ് ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ രാത്രിതന്നെ സ്ഥലത്തെത്തി. ദേശീയപാതയില്‍ കരിമ്പനപ്പാലത്തെ കെ.ടി.ഡി.സി. റസ്റ്ററന്റിലേക്ക് പോകുന്ന വഴിയുടെ തുടക്കത്തില്‍ത്തന്നെയാണ് വണ്ടി നിര്‍ത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *