BreakingCrimeExclusiveKerala

സുരക്ഷാവീഴ്ച സമ്മതിച്ച് പോലീസ്

കൊച്ചി∙ ഉമ തോമസ് എംഎൽഎ കലൂർ രാജ്യാന്തര സ്റ്റേഡിയത്തിലെ ഗ്യാലറിയിൽനിന്ന് വീണ് അപകടംപറ്റിയ സംഭവത്തിൽ സുരക്ഷാവീഴ്ചയുണ്ടായതായി എഫ്ഐആർ. സ്റ്റേജ് നിർമിച്ചത് മതിയായ സുരക്ഷയില്ലാതെ അശ്രദ്ധമായാണെന്ന് എഫ്ഐആറിൽ പറയുന്നു. സ്റ്റേജ് കെട്ടിയവർക്കും പരിപാടിയുടെ സംഘാടകർക്കും എതിരെ കേസെടുത്തിട്ടുണ്ട്. ബിഎൻസ് 125, 125 (ബി), 3 (5) എന്നിവ അനുസരിച്ചാണ് കേസ്. മറ്റുള്ളവരുടെ ജീവനോ വ്യക്തിഗത സുരക്ഷയോ അപകടത്തിലാക്കുന്നതിനെതിരെ നടപടിയെടുക്കുന്നതിനാണ് 125–ാം വകുപ്പ്. പഴ്സനൽ സ്റ്റാഫിന്റെ പരാതിയിൽ പാലാരിവട്ടം പൊലീസാണ് കേസെടുത്തത്.
സ്റ്റേജിൽ വേണ്ടത്ര സ്ഥലമില്ലായിരുന്നെന്നും ബലമുള്ള കൈവരി സ്ഥാപിച്ചില്ലെന്നും എഫ്ഐആറിലുണ്ട്. താത്കാലികമായി ഒരുക്കിയ സ്റ്റേജിന്റെ മുൻ വശത്തുകൂടി ഒരാൾക്ക് നടന്നു പോകുന്നതിനുള്ള വഴി ഉണ്ടായിരുന്നില്ല. സുരക്ഷാ വേലിയുമില്ല തുടങ്ങിയ കാര്യങ്ങളാണ് അപകടത്തിന്റെ കാരണമായി പറയുന്നത്. എന്നാൽ, റിബൺ കണ്ടപ്പോൾ ബലമുള്ളതാണെന്ന് തെറ്റിദ്ധരിച്ച് പിടിച്ചതാകാമെന്നാണ് സംഘാടകര്‍ മാധ്യമങ്ങളോട് പറഞ്ഞത്. ആരുടെയും പേരു വിവരങ്ങൾ എഫ്ഐആറിൽ ഉൾപ്പെടുത്തിയിട്ടില്ല. തിങ്കളാഴ്ച പുലർച്ചെയാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്. സംഭവത്തിൽ വിശദമായ അന്വേഷണത്തിന് ഒരുങ്ങുകയാണ്. ഗുരുതര പരുക്കേറ്റ എംഎൽഎ പാലാരിവട്ടം റിനൈ ആശുപത്രിയിലെ വെന്റിലേറ്ററിൽ നിരീക്ഷണത്തിലാണ്. എംഎൽഎയുടെ ആരോഗ്യസ്ഥിതിയിൽ ആശങ്കപ്പെടേണ്ടതില്ലെന്നു ഡോക്ടർമാര്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *