BreakingKeralaOthers

2025നെ വരവേൽക്കാനൊരുങ്ങി കൊച്ചിയും.

എറണാകുളം : 2025നെ വരവേൽക്കാൻ തയ്യാറെടുക്കുകയാണ് ലോകം. പുതുവർഷാഘോഷത്തിന് മണിക്കൂറുകൾ എണ്ണി കാത്തിരിക്കുകയാണ് കൊച്ചിയും. കനത്ത സുരക്ഷാ ക്രമീകരണമാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്. ഡെപ്യൂട്ടി പോലീസ് കമ്മിഷണറുടെ നേതൃത്വത്തിൽ 10 ഡിവൈ.എസ്.പി.മാർ, 25 ഇൻസ്പെക്ടർമാർ, 60 എസ്.ഐ.മാർ, 100 വനിതാ പോലീസ് ഉദ്യോഗസ്ഥർ എന്നിവരുൾപ്പെടെ ആയിരത്തിൽപ്പരം പോലീസുകാരെ ഡ്യൂട്ടിക്കായി നിയോഗിച്ചിട്ടുണ്ട്.

ഇത്തവണ ഫോർട്ട് കൊച്ചി വെളി മൈതാനത്താണ് പാപ്പാഞ്ഞിയെ കത്തിക്കുന്നത്. പരേഡ് മൈതാനത്തെ പാപ്പാഞ്ഞിയെ കത്തിക്കുന്നത് മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗിൻ്റെ മരണത്തെ തുടർന്ന് മാറ്റിവെച്ചിരുന്നു. ഫോർട്ട് കൊച്ചിക്ക് പുറമെ കാലടിയിലും കാക്കനാടും കൂറ്റൻ പാപ്പാഞ്ഞിമാരെ തയ്യാറാക്കിയിട്ടുണ്ട്. മദ്യവും മയക്കുമരുന്നും ഉപയോഗിക്കുന്നവരെ കണ്ടെത്താൻ പ്രത്യേക സ്ക്വാഡിനെ നിയോഗിച്ചിട്ടുണ്ട്. പപ്പാഞ്ഞിയെ കത്തിക്കുന്ന വെളി ഗ്രൗണ്ടിൽ കൺട്രോൾ റൂം തുറക്കുമെന്നും പോലീസ് അറിയിച്ചിട്ടുണ്ട്.

പപ്പാഞ്ഞിയെ കത്തിക്കുന്ന വെളി മൈതാനത്തെ ബാരിക്കേഡ് ചെയ്ത് നാലായി തിരിച്ച് ജനങ്ങളെ പ്രവേശിപ്പിക്കും. കമാലക്കടവ്, ബീച്ച്, വെളി മൈതാനം, വൈപ്പിൻ ജെട്ടി, വാസ്‌കോ സ്‌ക്വയർ, ബി.ഒ.ടി. ഈസ്റ്റ് എന്നിവിടങ്ങളിൽ പബ്ലിക്‌ അഡ്രസ്‌ സിസ്റ്റം ഉറപ്പാക്കും. ഫോർട്ട്‌കൊച്ചി റോ-റോ ജെട്ടിയിൽ (കമാലക്കടവിൽ) തിക്കും തിരക്കും ഒഴിവാക്കാൻ ബാരിക്കേഡുകൾ സ്ഥാപിക്കും. വെളി ഗ്രൗണ്ട്, വെളി ജങ്‌ഷൻ, കമാലക്കടവ്, വാസ്‌കോ സ്‌ക്വയർ, ബീച്ച് ഏരിയ എന്നിവിടങ്ങളിൽ മതിയായ എണ്ണം അസ്‌ക്കാ ലൈറ്റുകൾ സ്ഥാപിക്കും.

Leave a Reply

Your email address will not be published. Required fields are marked *