കാണാതായ ആളുടെ മൃതദേഹഭാഗങ്ങൾ തമിഴ്നാട് അതിർത്തിയിൽ
ബത്തേരി (വയനാട്) ∙ തമിഴ്നാട് അതിർത്തിയോടു ചേർന്നുള്ള ചേരമ്പാടി വനത്തിൽ മൃതദേഹഭാഗങ്ങൾ കണ്ടെത്തികോഴിക്കോടുനിന്ന് ഒന്നര വർഷം മുമ്പ് കാണാതായ ആളുടെ മൃതദേഹഭാഗങ്ങളാണ് തമിഴ്നാട് അതിർത്തിയിലെ വനത്തിൽ കണ്ടെത്തിയത് . വയനാട് ചെട്ടിമൂല സ്വദേശി ഹേമചന്ദ്രനാണ്(53) മരിച്ചത്.
കേരള, തമിഴ്നാട് പൊലീസിന്റെ നേതൃത്വത്തിലാണ് മൃതദേഹം പുറത്തെടുക്കാനുള്ള നടപടികൾ പുരോഗമിക്കുന്നത്. കേസുമായി ബന്ധപ്പെട്ട് ബത്തേരി സ്വദേശികളായ ജ്യോതിഷ്, അജേഷ് എന്നിവർ പൊലീസ് കസ്റ്റഡിയിലാണ്. മൃതദേഹം മറവു ചെയ്യാൻ സഹായിച്ച രണ്ടുപേരാണു പിടിയിലായതെന്നാണ് സൂചന. വിദേശത്തേക്കു കടന്ന നൗഷാദ് എന്നയാൾക്കായി പൊലീസ് ലുക്കൗട്ട് നോട്ടിസ് പുറത്തിറക്കും. നൗഷാദാണു തട്ടിക്കൊണ്ടുപോകലിനു നേതൃത്വം നൽകിയതെന്നാണു വിവരം.
സാമ്പത്തികതർക്കത്തെ തുടർന്നാണ് കൊലപാതകം എന്നാണ് സൂചന. ബത്തേരി വിനോദ് ഭവനിൽ ഹേമചന്ദ്രൻ കോഴിക്കോട് മെഡിക്കൽ കോളജിനു സമീപം മായനാട് മുണ്ടിക്കത്താഴത്തെ വീട്ടിലാണ് വാടകയ്ക്ക് താമസിച്ചിരുന്നത്. 2024 മാർച്ച് 20ന് പെൺസുഹൃത്തിനെക്കൊണ്ടു വിളിപ്പിച്ച് മെഡിക്കൽ കോളജിനു സമീപമെത്തിച്ച ഹേമചന്ദ്രനെ രണ്ടുപേർ കാറിൽ കൂട്ടിക്കൊണ്ടുപോയി. പിന്നാലെ ഇയാളെ കാണാതാവുകയായിരുന്നു.

