കണ്ണേ.. കരളേ വിഎസേ
തിരുവനന്തപുരം :മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ വിഎസ് അച്യുതാനന്ദൻ്റെ മൃതദേഹം പൊതുദർശനത്തിനായി എകെജി പഠന കേന്ദ്രത്തിലെത്തിച്ചു. വി എസിനെ പ്രവർത്തകർ എന്നും ചേർത്ത് വിളിച്ച കണ്ണേ.. കരളേ വിഎസേ എന്ന മുദ്രാവാക്യവും ഉയർന്നു കേട്ടു. രാത്രി വൈകിയും നീണ്ട് കിടക്കുന്ന വരിയിൽ പ്രിയ സഖാവിനെ ഒരു നോക്ക് കാണാനുള്ള കാത്തിരിപ്പിലാണ് പാർട്ടി പ്രവർത്തകർ. എകെജി പഠന കേന്ദ്രത്തിൽ പ്രിയ വിഎസിന് വിട നൽകാണ ആയിരങ്ങളാണ് എത്തിക്കൊണ്ടിരിക്കുന്നത്. ആശുപത്രിയിൽ നിന്നും ആംബുലൻസിലാണ് മൃതദേഹം കൊണ്ടു പോയതെങ്കിലും വഴിയിലുടനീളം പ്രവർത്തകർ മുദ്യാവാക്യം വിളികളോടെയാണ് വി എസിൻ്റെ മൃതദേഹം വഹിച്ചുള്ള വാഹനത്തെ അനുഗമിച്ചത്.
പ്രിയ നേതാവിൻ്റെ വിയോഗത്തിൽ കുടുംബത്തോടൊപ്പം ചേരുകയാണ് നേതാക്കൾ. സിപിഎമ്മിൻ്റെ വിവധ മേഖലകളിൽ നിന്നായി അന്ത്യാഭിവാദ്യങ്ങളർപ്പിച്ച് നേതാക്കൾ എത്തുന്നുണ്ട് . പാർട്ടി കേന്ദ്ര കമ്മറ്റിക്ക് വേണ്ടി സിപിഎം സെക്രട്ടറി എം എ ബേബി റീത്ത് സമർപ്പിച്ചു. സംസ്ഥാന കമ്മറ്റിക്ക് വേണ്ടി എം വി ഗോവിന്ദനും മുഖ്യമന്ത്രി പിണറായി വിജയനും എകെജി പഠന ഗവേഷണ കേന്ദ്രത്തിൽ ആദരാഞ്ജലികൾ അർപ്പിച്ചു.
നാളെ രാവിലെ 9 മണി മുതൽ തിരുവനന്തപുരം ദർബാർ ഹാളിൽ പൊതുദർശനം ഉണ്ടാകും. ഉച്ചയ്ക്ക് ശേഷം നാഷണൽ ഹൈവേ വഴി ആലപ്പുഴയിലേക്ക് തിരിക്കും. രാത്രിയോടെ ആലപ്പുഴയിലെ വീട്ടിൽ എത്തിക്കും. ബുധനാഴ്ച രാവിലെ പാർട്ടി ജില്ലാ കമ്മിറ്റി ഓഫീസിലേക്കും പിന്നീട് പൊതുദർശനത്തിനും അനുവദിക്കും. ബുധനാഴ്ച ഉച്ചയോടെ ആലപ്പുഴ വലിയ ചുടുകാടിൽ വി എസിന്റെ മൃതദേഹം സംസ്കരിക്കും. ആംബുലൻസ് കടന്നുപോകുന്ന വഴികളിൽ ജനങ്ങൾക്ക് ആദരാജ്ഞലികൾ അർപ്പിക്കാനുള്ള അവസരം ഉണ്ടാകുമെന്ന് എം വി ഗോവിന്ദൻ പറഞ്ഞു.

