ഗോവിന്ദച്ചാമി ഇനി വിയ്യൂരിൽ
തൃശൂർ :കൊടുംകുറ്റവാളി ഗോവിന്ദച്ചാമിയെ വിയ്യൂർ അതീവ സുരക്ഷാ ജയിലിലേക്ക് മാറ്റി. കണ്ണൂർ സെൻട്രൽ ജയിലിൽനിന്ന് ഗോവിന്ദച്ചാമി ജയിൽചാടിയതിനെ തുടർന്നാണ് നടപടി. രാവിലെ ഏഴോടെ അതീവ സുരക്ഷയിലാണ് ഗോവിന്ദച്ചാമിയെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നും പുറത്തെത്തിച്ചത്. ഉച്ചയോടെയാണ് വിയ്യൂരിലെത്തിയത്.
ഗോവിന്ദച്ചാമിയെ പാര്‍പ്പിക്കാന്‍ വിയ്യൂര്‍ ജയിലില്‍ എല്ലാ തയ്യാറെടുപ്പുകളും പൂര്‍ത്തിയാക്കിയിരുന്നു. ഏകാന്ത സെല്ലിലാണ് പാര്‍പ്പിക്കുക. 536 പേരെ പാര്‍പ്പിക്കാന്‍ ശേഷിയുള്ള വിയ്യൂരില്‍ നിലവില്‍ 125 കൊടുംകുറ്റവാളികള്‍ മാത്രമാണുള്ളത്. 4.2 മീറ്ററാണ് സെല്ലിന്റെ ഉയരം. ഫാനും കട്ടിലും സിസിടിവി ക്യാമറകളും സജജമാണ്. സെല്ലിലുള്ളവര്‍ക്ക് പരസ്പരം കാണാനോ സംസാരിക്കാനോ സാധിക്കില്ല. ഭക്ഷണം കഴിക്കാന്‍ പോലും സെല്ലിനു പുറത്തേക്കിറക്കില്ല. സെല്ലില്‍ ഇരുന്നുകൊണ്ട് തന്നെ കഴിക്കണം. 6 മീറ്റര്‍ ഉയരത്തില്‍ 700 മീറ്റര്‍ ചുറ്റളവിലാണ് വിയ്യൂരില്‍ മതില്‍ പണിതിരിക്കുന്നത്.. ട്രെയിനിൽനിന്ന് പെൺകുട്ടിയെ തള്ളിയിട്ട് ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ ജീവപര്യന്തം തടവിന് ശിക്ഷ അനുഭവിക്കുന്നതിനിടെയാണ് പ്രതി ജയിൽ ചാടിയത്.

